Monday, April 30, 2007

ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്‍മ്മ ഭാവന

കപ്യാര്‍ ചാണ്ടിച്ചേട്ടന്‍ നിലവിളിക്കാന്‍ ശ്രമിച്ചു.
ശബ്ദമുണ്ടായില്ല.
കിതപ്പു മാത്രം.
പിന്നെ, വിയര്‍ത്തു കുളിച്ച്‌ ഇടറുന്ന കാലുകളുമായി.. അരമനയിലേക്കോടി.
അച്ഛന്റെ കൂര്‍ക്കം വലി അതിന്റെ ഉച്ചാവസ്ഥയിലാണ്‌.

അച്ഛന്റെ ഉറക്കത്തിന്‌ ഭംഗം വരുത്തിയാലുണ്ടായേക്കാവുന്ന ഭവിഷ്യത്തുക്കളോര്‍ത്തപ്പോള്‍ ധൈര്യം വന്നില്ല.
ഒരു പക്ഷെ... തനിക്കു തോന്നിയതായിരിക്കും.- ചാണ്ടിച്ചേട്ടന്‍ തന്റെ ബോധത്തെ അവിശ്വസിക്കാന്‍ ശ്രമിച്ചു.അയാള്‍ ജീവിതത്തിലാദ്യമായി ആത്മാര്‍ത്ഥതയോടെ കര്‍ത്താവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു.

"കര്‍ത്താവെ, ഈ പാവം ചാണ്ടിയെ ഇങ്ങനെ പരീക്ഷിക്കരുതേ"

അരമന വാതിലില്‍ മുട്ടാനോങ്ങിയ കൈ പിന്‍വലിച്ച്‌ ,പള്ളിയിലേക്ക്‌ തിരിച്ചു നടന്നു.

വീണ്ടും കുരിശിനു മുന്നിലെത്തിയപ്പോള്‍ ചാണ്ടിച്ചേട്ടന്‍ നിന്നു വിറച്ചു.
കുരിശിലേക്ക്‌ നോക്കാന്‍ ധൈര്യം വരുന്നില്ല. കനത്ത ഭാരം കൊണ്ട്‌ തല മാറില്‍ അമര്‍ന്ന് വേദനയുണ്ടാക്കുന്നു. കണ്‍ പോളകള്‍ ആരോ വലിച്ചടക്കുന്നു.
ഒരു നിമിഷം.... ഹൃദയത്തിന്റെ മൂലയിലെവിടെയോ ഊറിക്കൂടിയ ശക്തി സംഭരിച്ച്‌ അയാള്‍ കുരിശ്ശിലേക്കു നോക്കി.

"എന്റെ കര്‍ത്താവേ"

ചാണ്ടിച്ചേട്ടന്‍ ഞെട്ടി... വീണ്ടും ഞെട്ടി.
കാരണം ചാണ്ടിച്ചേട്ടനു തെറ്റു പറ്റിയിട്ടില്ല -

സത്യമായും ദൈവപുത്രന്റെ അഭാവത്താല്‍ കുരിശ്ശ്‌ ശൂന്യമായിയിരിക്കുന്നു.
ശൂന്യമായ കുരിശ്‌ ചാണ്ടിച്ചേട്ടനെ ഭയപ്പെടുത്തി.ശൂന്യമായ കുരിശ്‌ കൈകള്‍ നീട്ടി ശുദ്ധനായ ചാണ്ടി ചേട്ടനു സ്വാഗതമോതി. ശൂന്യമായ കുരിശില്‍ ചാണ്ടിച്ചേട്ടനെ ചേര്‍ത്തമര്‍ത്തി കത്തനാരും, കമ്മിറ്റിക്കാരും ആണിയടിക്കുന്ന രംഗം ഒരു ദുസ്വപ്നത്തിലെന്നപോലെ ചാണ്ടിച്ചേട്ടന്റെ മനോമുകുരത്തില്‍ തെളിഞ്ഞു. തന്റെ പ്രിയതമ അന്നാമ്മ അതു കണ്ടു നില്‍ക്കുന്ന രംഗം കൂടിയായപ്പോള്‍ ചാണ്ടിച്ചേട്ടന്‌ ഒന്നിടവിട്ട്‌ ഞെട്ടാതിരിക്കാന്‍ തരമില്ലാതായി.

ഞെട്ടിക്കൊണ്ടു നിന്ന ചാണ്ടിച്ചേട്ടനു ദൈവാനുഗ്രഹത്താല്‍ വെളിപാടുണ്ടായി. വെളിപാടിന്റെ ധൈര്യത്തില്‍ അയാള്‍ കുരിശിനടുത്തേക്കു ചെന്നു.

ദൈവപുത്രന്റെ കാലില്‍ തറച്ചിരുന്ന ആണി താഴെ ചുവന്ന ഇനാമല്‍ പെയിന്റില്‍ കുളിച്ചു കിടക്കുന്നു.പതിവായി ആഴ്ച്ചപ്പതിപ്പുകളിലെ അപസര്‍പ്പക നോവല്‍ വായിക്കാറുള്ള ചാണ്ടിച്ചേട്ടന്‍ കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കി, അവസരത്തിനൊത്തുയര്‍ന്നു.
ചാണ്ടിച്ചേട്ടന്‍ നിലത്തോടു ചേര്‍ന്നു കിടന്നു. ദൈവ പുത്രന്റെ പാദരേണുക്കള്‍ പരിശോധിച്ച്‌ ദൈവപുത്രന്‍ പുറത്തുപോയ വഴി ഗണിച്ചുണ്ടാക്കി. ആ വഴിയിലൂടെ ചാണ്ടിച്ചേട്ടന്‍ ഇഴഞ്ഞു. വരാന്തയും,ചെമ്മണ്ണു പുരണ്ട നിരത്തും നീന്തി ദേശീയ പാത സന്ധിക്കുന്ന വിശാല വീഥിയിലെത്തി. മെര്‍ക്കുറി വിളക്കുകളുടെ പ്രഭയില്‍ കണ്ണുകള്‍ ദൈവപുത്രന്റെ നിഴലിനുവേണ്ടി അലഞ്ഞു.
അവസാനം.... ട്രാഫിക്‌ കുടക്കു കീഴിലിരുന്ന് തിരുമുറിവുകളില്‍ തുപ്പല്‍ പുരട്ടിക്കൊണ്ട്‌ ഖിന്നനായിരിക്കുന്ന ദൈവപുത്രനെ ചാണ്ടിച്ചേട്ടന്‍ കണ്ടുപിടിച്ചു.

ചാണ്ടിച്ചേട്ടനുവന്ന അരിശത്തിനു കണക്കില്ല.കാല്‍മുട്ടും, ഉള്ളം കയ്യും പൊട്ടി നീറ്റലടിക്കുന്നു.

"ഈ ചെക്കന്റെ ഓരോ തോന്നിവാസങ്ങള്‍ ... മനുഷ്യനെ മെനക്കെടുത്താന്‍..."


ദൈവപുത്രന്റെ കൈക്ക്‌ പിടിച്ചുവലിച്ചുകൊണ്ട്‌ ചാണ്ടിച്ചേട്ടന്‍ പള്ളിയിലേക്ക്‌ നടന്നു. തേങ്ങിക്കൊണ്ട്‌ ദൈവപുത്രനും. കളവു കാണിച്ചു നടക്കുന്ന സ്കൂള്‍ കുട്ടിയോട്‌ രക്ഷിതാവ്‌ ആജ്ഞാപിക്കുന്നതുപോലെ ചാണ്ടിച്ചേട്ടന്‍ ഉത്തരവിട്ടു:
" ഉം... കുരിശീകേറ്‌"

ദൈവപുത്രന്‍ കരഞ്ഞു.. തിരുമുറിവുകളിലേക്കും ചാണ്ടിച്ചേട്ടന്റെ മുഖത്തേക്കും മാറി മാറി നോക്കി. കൈത്തണ്ടകൊണ്ട്‌ ചീരാപ്പു തുടച്ചു.ചാണ്ടിച്ചേട്ടന്‍ കണ്ണുരുട്ടി. ഗത്യന്തരമില്ലാതായപ്പൊള്‍ ദൈവപുത്രന്‍ കുരിശില്‍ കയറി നിന്നു. ആണികളെല്ലാം യഥാസ്ഥാനത്ത്‌ ഉറപ്പിച്ചശേഷം ചാണ്ടിച്ചേട്ടന്‍ നെടുതായി നിശ്വസിച്ചു.പിന്നെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു:

"കര്‍ത്താവേ, ഇങ്ങനൊരു പരീക്ഷണം ചാണ്ടീടെ ജീവിതത്തിലാദ്യ.... ഈ കുഞ്ഞാടിന്റെ കഞ്ഞിമുട്ടിക്കല്ലെ"

ചാണ്ടിച്ചേട്ടന്‍ പ്രഭാത കുര്‍ബാനക്കുള്ള മണി മുഴക്കി.

ദൈവപുത്രന്റെ മുറിവുകളില്‍നിന്നും പതിവുപോലെ രക്തമൊലിച്ചു.
കണ്ണില്‍ നിന്നും ചുടുനീരുറവ ഒഴുകി.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യ സ്വതന്ത്രയായിരുന്നു...

ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ആര്‍ക്കുവേണ്ടിയായിരുന്നു?
ഈ ചോദ്യം ചോദിക്കാനുള്ള കാരണം പറയാം.

സ്വാതന്ത്ര്യത്തിനു ശേഷം 60 വര്‍ഷം പിന്നിട്ടിട്ടും, ഇന്ത്യന്‍ ജനതയുടെ 90 ശതമാനവും തങ്ങളുടെ കുലത്തൊഴിലുകളുടെ നുകത്തിനു കീഴിലും, സമൂഹത്തിന്റെ ജാതീയമായ നീരാളിപ്പിടുത്തത്തിനു കീഴിലും, അപമാനകരമായ പാരതന്ത്ര്യം അനുഭവിക്കുന്നവരായി ശേഷിക്കുന്നു എന്ന സത്യം, നമ്മുടെ സ്വാതന്ത്ര്യസമരത്തെ വിമര്‍ശന വിധേയമാക്കാന്‍ പ്രേരിപ്പിക്കുന്നു.

60 വര്‍ഷം മുമ്പ്‌ നാം നേടിയെന്നു പറയുന്ന സ്വാതന്ത്ര്യം ഒറ്റക്ക്‌ പുഴുങ്ങി തിന്നതാരാണ്‌?
ഇന്ത്യന്‍ ജനതയിലെ നാലോ അഞ്ചോ ശതമാനം വരുന്ന ബ്രാഹ്‌മണര്‍ക്കും, നാടുവാഴികള്‍ക്കും, അവരുടെ ജാരസംസര്‍ഗ്ഗത്താല്‍ ഉയര്‍ത്തപ്പെട്ട്‌ സവര്‍ണ്ണജാതിപ്പട്ടം ലഭിച്ച ന്യൂനപക്ഷത്തിനും മാത്രമായി ഇന്ത്യയുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയിരിക്കുന്നു.
എന്നാല്‍ ഈ അപൂര്‍ണ്ണമായ സ്വാതന്ത്ര്യം നമുക്ക്‌ സത്യത്തില്‍ അനാവേശ്യമായിരുന്നു;എന്നു മാത്രമല്ല; അപകടകരം കൂടിയായിപ്പോയി ഇന്ത്യയുടെ സ്വാതന്ത്ര്യം!


വെള്ളക്കാരന്‍ ഇന്ത്യയിലേക്ക്‌ വന്നത്‌ ഒരു ദൈവദൂതനെപ്പോലെയാണ്‌.
ഇതു പറയുന്നത്‌ 250 വര്‍ഷം മുന്‍പുള്ള ഇന്ത്യയുടെ സാമൂഹ്യമായ അധപതന കാലത്തെ നന്നായി മനസ്സിലാക്കിയതുകൊണ്ടാണ്‌.

ബ്രാഹ്‌മണരും നാടുവാഴികളും അവരുടെ ജാരസന്തതികളായ മറ്റു സവര്‍ണ്ണരും കൂടി ഭൂരിപക്ഷമായ കൃഷിക്കാരന്റെയും തൊഴിലാളികളുടെയും ചോരയൂറ്റിക്കുടിച്ചുകൊണ്ടിരുന്ന ആ പ്രാകൃത കാലത്തെ ഒന്നോര്‍ത്തുനോക്കൂ!

ഭക്തിപ്രസ്‌ഥാനത്തിന്റെ ഭാഗമായി നിലവില്‍ വന്ന രണ്ടായിരം വര്‍ഷക്കാലത്തെ ആ അടിമ സംസ്‌കൃതിയിലേക്ക്‌ സ്വാതന്ത്ര്യത്തിന്റെ ശംഖദ്വനിയുമായി കടന്നുവന്ന ബ്രിട്ടീഷുകാരന്‍ ഹിന്ദു പുരാണങ്ങളില്‍ കാണുന്ന ഏത്‌ ദൈവത്തെക്കാളും ശക്തനായ ദൈവതുല്യനാണ്‌.

ബ്രിട്ടീഷുകാരന്റെ മതം എന്തോ ആയിക്കൊള്ളട്ടെ, അവന്റെ ഭാഷ ഏതോ ആയിക്കൊള്ളട്ടെ ,അവന്‍ ഒരു പക്ഷേ ഇന്ത്യയെ കൊള്ളയടിച്ചിരിക്കാം.
എങ്കിലും, കോമാളിക്കളി പോലുള്ള ബിംബാരാധനതൊട്ട്‌ , താത്വികമായ അദ്വൈദം വരെ ഛര്‍ദ്ദിക്കുന്ന ഏതു ശങ്കരാചാര്യന്‍ നമ്പൂതിരിപ്പാടിനെക്കാളും മനുഷ്യത്വമുള്ളവനായിരുന്നു ബ്രിട്ടീഷുകാരന്‍!

ബ്രിട്ടീഷുകാരന്റെ കൈയില്‍ ആയുധങ്ങള്‍ക്ക്‌ ക്ഷാമമില്ലായിരുന്നു.
ഇന്ത്യക്കാരെ ബ്രാഹ്‌മണനെപ്പോലെ സര്‍വ്വകാലവും തങ്ങളുടെ അടിമകളാക്കുന്നതിനായി ബ്രിട്ടീഷുകാര്‍ക്ക്‌ പുരാണങ്ങള്‍ രചിക്കാമായിരുന്നു.

മുഗളന്മാരെയും, ടിപ്പുവിനെയും പോലെ സര്‍വ്വരെയും മത പരിവര്‍ത്തനം നടത്തി തങ്ങളുടെ ഇച്ഛാനുവര്‍ത്തികളാക്കമായിരുന്നു.
എന്നിട്ടും, ബ്രിട്ടിഷുകാരന്‍ അതൊന്നും ചെയ്യാതെ ... ഇന്ത്യയില്‍ കോടതികള്‍ സ്‌ഥാപിച്ചു.
എന്തിനാണ്‌ ഈ കോടതികള്‍?!
ഏത്‌ യോഗ്യനെ വേണമെങ്കിലും കോടതിയുടെ ആവശ്യമില്ലാതെ തന്നെ ഇന്ത്യലെ ഏത്‌ ഭരണാധികാരിക്കും കൊല്ലാനുള്ള അവകാശമുണ്ടായിരുന്നല്ലോ.

അതെ, ബ്രിട്ടീഷുകാര്‍ വിഡ്ഢികളാണ്‌.
ബ്രിട്ടീഷുകാരന്‍ എന്തിനാണ്‌ ഇത്ര പ്രയാസപ്പെട്ട്‌ ഇന്ത്യ മുഴുവന്‍ നൂറ്റാണ്ടുകളെ വെല്ലുന്ന പാലങ്ങളും, റോഡുകളും, റെയില്‍ പാളങ്ങളും പണിതത്‌?
ബ്രിട്ടീഷുകാരനു പറ്റിയ മറ്റു പല വിഡ്ഢിത്തങ്ങള്‍!!

അന്ന്‌ ബ്രിട്ടീഷുകാരന്‍ കല്‍പ്പിച്ചാല്‍ ഏത്‌ മുന്തിയ ക്ഷത്രിയനും,വിളക്കിത്തല നായരും, പട്ടരും ബ്രിട്ടീഷുകാരന്റെ ചുമട്ടുകാരനായി എത്ര ചാക്ക്‌ കുരുമുളക്‌ വേണമെങ്കിലും ബ്രിട്ടീഷുകാരന്റെ കപ്പലിലെത്തിച്ചു കൊടുക്കുമായിരുന്നല്ലോ!

വിക്രമാദിത്യന്റെ മയൂരസിംഹാസനം ഇന്ത്യയില്‍ വന്ന്‌ കൊള്ളയടിക്കാനായി ബ്രിട്ടീഷുകാരന്‌ റോഡും പാലവും തീവണ്ടിയും ഭാരതമാതാവിനു സമര്‍പ്പിക്കേണ്ട ഗതികേടൊന്നുമില്ലായിരുന്നു.

എന്തു ചെയ്യാം, അവര്‍ തൊലിവെളുത്തവരാണെങ്കിലും കുബുദ്ധിയില്ലാത്തവരായിരുന്നു.
അതു കൊണ്ടാണല്ലോ നാട്ടുകാരെ മുഴുവന്‍ ജാതിഭേദമില്ലാതെ ഇംഗ്ലീഷ്‌ പഠിപ്പിച്ച്‌ , എന്താണ്‌ രാജഭരണം?
എന്താണു ജനാധിപത്യം?
എന്താണ്‌ മനുഷ്യാവകാശം?
എന്താണ്‌ ഗവണ്മെന്റ്‌?
എന്നെല്ലാം നമ്മുടെ തലക്കകത്തേക്ക്‌ കോരി ഒഴിച്ചുതന്നത്‌.

നമ്മുടെ ഇറച്ചിവെട്ടുകാരന്‍ പരശുരാമന്‍ നമ്പൂതിരിയോട്‌ ഒന്ന്‌ അരുളി ചെയ്‌തിരുന്നെങ്കില്‍ തനിക്കു താഴെയുള്ള സകലമാനജാതി ഇന്ത്യക്കാരുടെയും തലയറുത്ത്‌ വിക്‌ടോറിയ രാജ്നിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച്‌ നമ്പൂതിരി സാഷ്‌ടാഗം പ്രണമിക്കുമായിരുന്നില്ലെ?

പകരമായി നസ്രാണി ദൈവങ്ങളെ പൂജിക്കാനുള്ള കുത്തകാവകാശം ബ്രാഹ്‌മണര്‍ക്ക്‌ പതിച്ചു നല്‍കിയാല്‍ രാജ്ഞിയെ തിരുമേനി അനുഗ്രഹിക്കുകയും ചെയ്‌തേനെ!

എന്തു ചെയ്യാം ബ്രിട്ടീഷുകാരന്റെ സംസ്‌ക്കാരവും രാജഭക്‌തിയിലെ സത്യസന്ധതയും അവരെ (ഇന്ത്യക്കാരെ) ശക്‌തരാക്കാനും ബ്രിട്ടീഷുകാരനെതിരെ നന്ദിയില്ലാത്ത സ്വാതന്ത്ര്യ സമരം നയിക്കാനും പ്രേരിപ്പിച്ചു.


രണ്ടായിരം വര്‍ഷം മുമ്പ്‌ ഇന്ത്യക്കാരന്‍ സംസ്‌ക്കാരസമ്പന്നനായി വാണരുളുന്ന കാലത്ത്‌ മധ്യധരണ്യാഴിയില്‍ ചൂണ്ടയിട്ട്‌ കഷ്‌ടിച്ച്‌ ഉപജീവിച്ചിരുന്ന ബ്രിട്ടീഷുകാരന്‍ സംസ്‌ക്കാരസമ്പന്നനാവുകയും ഇന്ത്യക്കാരന്‍ സംസ്‌ക്കാരം നഷ്‌ടപ്പെട്ട്‌ അടിമത്വത്തിലേക്കും അന്ധതയിലേക്കും കൂപ്പുകുത്തുകയും ചെയ്‌തതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്‌?

ബുദ്ധദര്‍ശനത്തിനും അശോകചക്രവര്‍ത്തിക്കും എതിരായി ഭാരതത്തില്‍ രൂപംകൊണ്ട ഭക്തിപ്രസ്‌ഥാനമെന്ന ബ്രാഹ്‌മണ നാടുവാഴി കൂട്ടുകെട്ടിന്റെ ഫലമായി വിഷലിപ്‌തമായ ഇന്ത്യന്‍ സംസ്‌ക്കാരം നിര്‍ജ്ജീവമാകുകയും രോഗഗ്രസ്‌ഥമായ ഭാരതത്തിന്റെ ശരീരത്തിലേക്ക്‌ പുത്തന്‍ രോഗാണുക്കളെപ്പോലെ സംസ്‌ക്കാരശൂന്യരായ അടിമകളും , മുഗളരും ചേക്കേറുകയും ചെയ്‌തു.

എന്തുകൊണ്ട്‌ നാം നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായ ആയിരക്കണക്കിന്‌ ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും തല്ലിയുടച്ച്‌, പീരങ്കികൊണ്ട്‌ തവിടു പൊടിയാക്കി അതിക്രമിച്ചു വന്ന വിദേശികളായ മുസ്ലീം ഭരണാധികാരികള്‍ക്കെതിരെ സ്വാതന്ത്ര്യസമരം നടത്തിയില്ല?

നമ്മുടെ സഹോദരിമാരുടെയും, അമ്മയുടെയും, ഭാര്യയുടെയും പാതിവ്രത്യം കവര്‍ന്ന്‌ വാള്‍മുനക്കുമുന്നില്‍ നിര്‍ത്തി മതം മാറ്റി സാമ്രാജ്യം വിസ്‌തൃതമാക്കിയ ആ അപരിഷ്‌കൃത ഭരണാധികാരികള്‍ക്കെതിരെ ആരുടെയുംദേശസ്‌നേഹം എന്തുകൊണ്ടാണ്‌ പൊട്ടി ഒഴുകാതിരുന്നത്‌.?

പാരതന്ത്ര്യം മാനികള്‍ക്ക്‌ മൃതിയെക്കാള്‍ അന്ന്‌ ഭയാനകമായിരുന്നില്ലേ!

സത്യമിതാണ്‌,

ഇന്ത്യന്‍ ജനതയെ അപേക്ഷിച്ച്‌ വളരെ പ്രാകൃതരായ മുസ്ലീം ഭരണാധികാരികള്‍ ഇന്ത്യന്‍ ജനതയെ ബോധവല്‍ക്കരിക്കുകയല്ല ചെയ്‌തത്‌.

അവര്‍ നാട്ടില്‍ വിതച്ചത്‌ റെയില്‍പാളങ്ങളും, സ്‌കൂളുകളും, ആശുപത്രിയും, കോടതിയും, പോലീസ്‌ സ്‌റ്റേഷനും അറിവിന്റെ ഭാഷയായ ഇംഗ്ലീഷുമായിരുന്നില്ല.
മറിച്ച്‌ സംഘടിതവും വര്‍ഗ്ഗിയവുമായ ഒരു മതമായിരുന്നു.
തങ്ങളുടെ വിശ്വാസത്തിനെതിരെ ഉരിയാടുന്ന എന്തിനെയും കാഫിറായി കാണുന്ന അസഹിഷ്‌ണുതയുടെ മതമായിരുന്നു അവരുടെ മുഖ്യ ആയുധം.

മതവും വര്‍ഗ്ഗബോധവും തീണ്ടാതെ ബ്രാഹ്‌മണന്റെ വിഷമേറ്റു ബോധമറ്റു കിടന്ന ഇന്ത്യന്‍ ജനതയെ മുസ്ലീം ഭരണാധികാരികള്‍ കീഴ്‌പ്പെടുത്തിയപ്പോള്‍ സ്വാതന്ത്ര്യം വേണമെന്ന്‌ ആര്‍ക്കും തോന്നിയില്ല.

യഥാര്‍ത്ഥത്തില്‍ ഇരുട്ടിന്റെയും സംസ്‌ക്കാര ശൂന്യതയുടെയും ഇരുണ്ട ആ യുഗത്തില്‍ നിന്നല്ലേ ഭാരതീയന്‌ പ്രകാശത്തിന്റെയും,സംസ്‌കൃതിയുടെയും സ്വാതന്ത്ര്യം ആവശ്യമായിരുന്നത്‌.

ആ ഇരുണ്ട യുഗത്തിന്‌ ഒരു പരിസമാപ്‌തി നല്‍കിയ ബ്രിട്ടീഷുകാരുടെ ആഗമനത്തെയാണ്‌ ഞാന്‍ സ്വതന്ത്രയായി മനസ്സിലാക്കുന്നതും ആദരിക്കുന്നതും.

ബ്രാഹ്‌മണന്‍ ഈയ്യമൊഴിച്ച്‌ കരിച്ചു കളഞ്ഞ എന്റെ ചെവിയുടെ കേള്‍വിയും,
ബ്രാഹ്‌മണന്റെ ചവിട്ടേറ്റ്‌ വികൃതമായ എന്റെ മുഖവും,
കുലത്തൊഴിലിന്റെ നുകം പേറി കരിങ്കല്ലായിത്തീര്‍ന്ന എന്റെ ചുമലുകളും,
അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഭാരതത്തിന്റെ സാംസ്‌ക്കാരിക ചൈതന്യം പേറുന്ന എന്റെ പൊള്ളുന്ന ജീവ കോശങ്ങളും,
ജാതിയുടെ വിലങ്ങുകളാല്‍ ബന്ധിച്ച എന്റെ കൈകാലുകളും
ബ്രിട്ടീഷുകാരന്റെ ആഗമനത്തോടെ പ്രപഞ്ച മാനവികതയുമായി ഏകീഭവിച്ചിരിക്കുന്നു.
ഇതിനെ തന്നെയാണ്‌ ഞാന്‍ സ്വാതന്ത്ര്യമെന്ന്‌ വിളിക്കുന്നത്‌.

കാരണം, മനുഷ്യന്റെ ഏറ്റവും വലിയ സ്വാതന്ത്ര്യം മനസ്സിന്റെ സ്വാതന്ത്ര്യമാണ്‌.
പക്ഷേ , ആ സ്വാതന്ത്ര്യം 1947 മുതല്‍ നഷ്‌ടപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു.

ഇന്നത്തെ ഇന്ത്യക്കാരന്റെ രണ്ടായിരം വര്‍ഷം പഴക്കമുള്ള അടിമ മനസ്സിനു വേണ്ടത്‌ ആരാധനാമൂര്‍ത്തികളെയാണ്‌.
ലോകചരിത്രത്തില്‍ തങ്ങളുടെ പേരെഴുതിചേര്‍ക്കാനായി ചില സവര്‍ണ സംബന്ന കുടുംബങ്ങള്‍ വളരെ ത്യാഗങ്ങള്‍ സഹിച്ചിരുന്നു.
പക്ഷേ ഈ ത്യാഗങ്ങളൊന്നും ഇന്ത്യക്കാരന്‌ വേണ്ടായിരുന്നു.
കാരണം, അവന്റെ ആകാശം പരിമിതപ്പെടുത്താനേ ഇവരുടെ ത്യാഗങ്ങള്‍ ഉപകരിച്ചുള്ളൂ.

ബ്രിട്ടീഷുകാരന്‍ കുറച്ചുകാലം കൂടി ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ ഇന്നത്തെ അമേരിക്കയുടെ സ്‌ഥാനത്ത്‌ ഇന്ത്യയുമുണ്ടായേനെ!
എങ്കിലും ബ്രിട്ടീഷുകാരെ....
നിങ്ങള്‍ക്ക്‌ നന്ദി!!
ഞങ്ങളെ മനുഷ്യരാക്കിയതിന്‌,
ബ്രാഹ്‌മണന്റെ രക്തദാഹത്തില്‍ നിന്നും അല്‍പ്പസമയത്തേക്കെങ്കിലും മോചനം നല്‍കിയതിന്‌!! ഞങ്ങള്‍ക്ക്‌ ലോക ഭാഷയും, നിങ്ങളുടെ സംസ്കാരത്തിന്റെ തണലും നല്‍കി അനുഗ്രഹിച്ചതിന്‌.
ഞങ്ങള്‍ക്ക്‌ കോടതിയും, റെയില്‍ വെയും, പോസ്‌റ്റോഫീസും, സ്കൂളുകളും തന്ന്‌ നാഗരികരാക്കിയതിന്‌.


സ്വാതന്ത്ര്യ സമരമെന്ന തെമ്മാടിത്തത്തിന്‌ ഞങ്ങളോട്‌ പൊറുക്കുക.
നിങ്ങള്‍ നല്‍കിയ ഒരു തരി വെളിച്ചം അയ്യായിരം വര്‍ഷം പഴക്കമുള്ള ഞങ്ങളുടെ പൊലിഞ്ഞുപോയിരുന്ന സംസ്‌ക്കരത്തെ വീണ്ടും ജ്വലിപ്പിച്ചിരിക്കുന്നു.
നന്ദി നന്ദി...




(സ്നേഹത്തിന്റെ പേരില്‍ ചിത്രകാരനുവേണ്ടി വഴക്കുകേള്‍ക്കാന്‍ തയ്യാറായിവന്ന ഒരു സുഹൃത്തിന്‌ തല്‍ക്കലത്തേക്ക്‌ കല്ലേറ്‌ തടയാന്‍ ചിത്രകാരന്‍ നല്‍കിയ ഒരു പരിചയായിരുന്നു ഈ ലേഖനം. ചിത്രകാരന്‍ ഏറ്റവും വെറുക്കുന്ന ഒരു പേരിനു താഴെ ഈ ലേഖനം സ്ഥിരമായി ഇരിക്കുന്നതില്‍ വല്ലാത്തൊരു മനപ്രയാസമുള്ളതിനാല്‍ മഹാവിഷ്ണുവില്‍നിന്നും ലേഖനം തിരിച്ചു വാങ്ങുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഈ ലേഖനം പേജുമ്മെക്കറിലും, ഇപ്പോള്‍ യുണികോഡിലും കംബൊസ്‌ ചെയ്തുതന്ന എന്റെ സ്റ്റാഫിനോടും, എനിക്കുവേണ്ടി ചീത്തകേട്ട(മഹാവിഷ്ണു) സുഹൃത്തിനോടും നന്ദി പറയുന്നു.)