Saturday, January 20, 2007

ആത്‌മീയത പ്ലാസ്‌റ്റിക്ക്‌ കുപ്പിയില്‍ !!

ഡിസ്‌പോസിബിള്‍ കുപ്പികളില്‍ വ്യാപാരാടിസ്‌ഥാനത്തില്‍ ലഭിക്കുന്ന ശുദ്ധജലം തുടക്കത്തില്‍ വിദേശികളുടെ കൈയില്‍ മാത്രമേ കണ്ടിരുന്നുള്ളൂ.
എന്നാലിപ്പോള്‍ വീടിന്റെ പടിയിറങ്ങിയാല്‍ ദാഹജലത്തിനായി നാം കുപ്പിവെള്ളത്തെ മാത്രമേ ആശ്രയിക്കൂ.അടുത്ത്‌ തന്നെ ശുദ്ധവായുവും ഇങ്ങനെ കുപ്പിയില്‍ ലഭിക്കുന്ന കാലം വിദൂരമല്ല.

കുപ്പിയിലടച്ച വായുവിന്‌ മുമ്പായി നമ്മുടെ നാട്ടില്‍ കുപ്പിയിലടച്ച ആത്‌മീയതയാണ്‌ ഇപ്പോള്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്‌. ജീവിക്കാനുള്ള കല, മരിക്കാതിരിക്കാനുള്ള കല, അസുഖമകറ്റാനുള്ള പാക്കേജ്‌, മനസ്സിനെ ബ്രഹ്‌മത്തില്‍ ലയിപ്പിക്കാനുള്ള വിദ്യ എന്നിങ്ങനെയുള്ള പല പേരുകളില്‍ ആത്‌മീയത നമ്മുടെ സമൂഹത്തില്‍ വിറ്റഴിക്കാനായി പലവിധ വേഷങ്ങള്‍ വര്‍ത്തമാന പത്രങ്ങളില്‍ ആടിതകര്‍ത്തു കൊണ്ടിരിക്കുന്നു.ആത്‌മീയതയുടെ കുപ്പിയിലാക്കിയ കച്ചവടത്തില്‍ തുടക്കക്കാര്‍ക്കുള്ള ആത്‌മീയ സുഖം നല്‍കുന്ന വീര്യം കുറഞ്ഞ ആത്‌മീയതയും, വീര്യം കൂടിയ മുതിര്‍ന്നവര്‍ക്കുള്ള കുപ്പി ആത്‌മീയതയുമുണ്ട്‌. വീര്യം കൂടിയ കുപ്പി ആത്‌മീയത സേവിക്കുന്നവര്‍ക്കുമാത്രമേ സുന്ദര സ്വരൂപനായ ആത്‌മീയാചാര്യന്‍ ശ്രീ. ശ്രീ. ബിസ്സിനസ്സ്‌ സ്വാമിയെ നേരിട്ടുകാണാന്‍ അവസരം ലഭിക്കുകയുള്ളൂ.

സത്യത്തില്‍ ഇവര്‍ നല്‍കുന്ന ആത്‌മീയതയില്‍ 5 ശതമാനത്തിലധികം ആത്‌മീയതയുണ്ടാകില്ല. ബാക്കി സുലഭമായ പച്ചവെള്ളവും ചില ബിസിനസ്സ്‌ ഒറ്റമൂലികളും മാത്രമാണുണ്ടാകുക. ഇവര്‍ നല്‍കുന്ന എല്ലാ കുപ്പി ആത്‌മീയതകളും സേവിച്ച്‌ ശ്രീ. ശ്രീ ബിസിനസ്സ്‌ സ്വാമിയുടെ വാത്സല്യം പിടിച്ചുപറ്റിയ ആത്‌മീയ ജ്യോതിസ്സായ ഒരാളെ സ്‌കാന്‍ ചെയ്‌തു നോക്കിയാല്‍ ആത്‌മീയതയുടെ ഒരു തരിപോലുമില്ലാത്ത ശുഷ്‌ക്കിച്ച ഹൃദയമാണു കാണാനാകുക. മാത്രമല്ല ഈ ശുഷ്‌ക്കിച്ച ഹൃദയത്തിനു ചുറ്റും ചൈനയുടെ വന്മതില്‍ പോലെ വളരെ കട്ടികൂടിയ അഹന്തയുടെ കോട്ടയുമുണ്ടാകും. താന്‍ ശ്രീ. ശ്രീ ബിസിനസ്സാനന്ദ സ്വാമിയുടെ വാത്സല്യ വലയത്തിലകപ്പെടാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം മനുഷ്യരിലൊരാളാണെന്നു അയാള്‍ അഭിമാനിക്കുന്നതു കാണാം. മറ്റുള്ളവരുടെ ഹൃദയത്തില്‍ സ്വന്തം അഹന്തയുടെ മുള്ളുകൊണ്ട്‌ പോറി രസിക്കാന്‍ ഈ ഭാഗ്യവാന്‍ മടിക്കില്ല.

ഈ ജാഢ ഒരിക്കലും ആത്‌മീയതയല്ല.

പണം കൊണ്ട്‌ വാങ്ങുന്ന ഈ ജാഢ ഒരിക്കലും ആത്‌മീയതയല്ല. നമ്മെ ആത്‌മീയപ്രഭാഷണം കൊണ്ടു കോരിത്തരിപ്പിക്കുന്ന അധികം പേരും തെരുവിലെ കൈനോട്ടക്കാരന്റെ മനശാസ്‌ത്രജ്ഞാനം കൊണ്ടുതന്നെയാണ്‌ നമ്മെയും ആകര്‍ഷിക്കുന്നത്‌. നമുക്ക്‌ ശരിയാണെന്ന്‌ ഉത്തമ ബോധ്യമുള്ളതും എന്നാല്‍ നാം സ്വാര്‍ത്ഥതയാല്‍ മനസ്സിന്റെ കോണില്‍ ഉപേക്ഷിക്കുന്നതുമായ സത്യത്തില്‍(നന്മയുടെ/ദൈവികതയുടെ) സ്വിച്ചില്‍ വാക്കുകൊണ്ടൊരു സ്‌പര്‍ശം! അതുമാത്രമേ ഏതൊരു ആത്‌മീയപ്രഭാഷകനും ചെയ്യുന്നുള്ളൂ.(മനസ്സിന്റെ ഉപേക്ഷിക്കപ്പെട്ട കോണില്‍ പോലും സത്യമില്ലാത്തവന്‌ ഏത്‌ ആത്‌മീയപ്രഭാഷണം കേട്ടാലും ചേമ്പിന്റെ ഇലയില്‍ വെള്ളമൊഴിച്ചതു പോലെയാണ്‌).


ഇയ്യിടെ ദില്ലിയില്‍ നിന്നു വന്നൊരു സ്വാമി അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ പറഞ്ഞത്‌ മനുഷ്യരെല്ലാം ഒരു പാത്രത്തില്‍ വെള്ളവുമായി കടപ്പുറത്തുകൂടി ഗര്‍വ്വോടെനടക്കുകയാണെന്നാണ്‌. ഈ സമുദ്രം തന്നെയാണ്‌ തന്റെ കയ്യിലുള്ള പാത്രത്തിലുള്ളതെന്ന്‌ മനുഷ്യന്‍ അറിയുന്നില്ല എന്നാണദ്ദേഹം പരിതപിച്ചത്‌.അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിച്ചവര്‍ തങ്ങളുടെ കയ്യിലുള്ള അഹംഭാവമാകുന്ന പാത്രത്തെസമുദ്രത്തില്‍ ഉപേക്ഷിച്ച്‌ അഹംഭാവ വിമുക്തരാകണമെന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്‌തു. എത്ര പേര്‍ അങ്ങനെ ചെയ്‌തെന്നറിയില്ല! ആരും അഹംഭാവം വെടിയില്ല.


എന്നാലും സ്വാമിയുടെ അഹംഭാവവുമായി കടപ്പുറത്തു നില്‍ക്കുന്ന മനുഷ്യനെ എനിക്ക്‌ വല്ലാതെ ഇഷ്‌ടപ്പെട്ടു.ഈ സ്വാമിയില്‍ നിന്നും കുറച്ചുകൂടി നടന്നാല്‍ അതിനെക്കാള്‍ വ്യക്തമായ ജീവിത വീക്ഷണം കിട്ടും. അതിങ്ങനെയാണ്‌. നമ്മളെല്ലാം കടപ്പുറത്തല്ല, കടലിനകത്താണ്‌. ഓരോരുത്തരുടെയും മനസ്സ്‌ ഓരോ പാത്രങ്ങളാണ്‌. അടച്ചു ബന്ധവസാക്കപ്പെട്ട പാത്രങ്ങള്‍! സമുദ്രജലം തന്നെയാണ്‌ ഈ പാത്രങ്ങളിലെല്ലാം അടങ്ങിയിരിക്കുന്നത്‌ എങ്കിലും അത്‌ കടലിലെ വെള്ളവുമായി പതിറ്റാണ്ടുകളായി ബന്ധപ്പെടാന്‍ അവസരം ലഭിക്കാതെ അടച്ചു സൂക്ഷിച്ചിരിക്കുന്നതിനാല്‍ ദുഷിച്ചതും ദ്രവിച്ചതും ദുര്‍ഗന്ധം വമിപ്പിക്കുന്നതുമാണ്‌. ഈ ദുഷിപ്പും, ദുര്‍ഗ്ഗന്ധവും അകറ്റി ഇടക്കൊന്ന്‌ റീഫില്ലു ചെയ്യാനാണ്‌ നാം സ്വാമിമാരുടെയും ആള്‍ ദൈവങ്ങളുടെയും ആത്‌മീയകുപ്പി വെള്ളത്തിനു വേണ്ടി ക്യൂ നില്‍ക്കുന്നത്‌.

ഋഷികേശിലെ ഗംഗാനദിയുടെ ഉറവിട സ്‌ഥാനത്തു നിന്നു ശേഖരിച്ച ഒറിജിനല്‍ ആത്‌മീയ കുപ്പിവെള്ളം എന്ന പേരില്‍ നമ്മുടെ ശ്രീ. ശ്രീ.. സ്വാമിമാര്‍ നല്‍കുന്ന ആത്‌മീയതയ്‌ക്കു വേണ്ടി പരക്കം പായുന്നതും നമ്മുടെ മനസ്സിലെ മലിനവും ദുര്‍ഗന്ധപൂരിതവുമായ ദുഷിച്ച ആത്‌മീയത ശുദ്ദീകരിക്കുന്നതിനു വേണ്ടിയാണ്‌.സത്യത്തില്‍ ആത്‌മീയതയുടെ റീഫില്ലിങ്ങിനായി ആത്‌മീയ കുപ്പിവെള്ളത്തിന്റെ ആവശ്യമൊന്നുമില്ല. സമുദ്രത്തില്‍ അടക്കപ്പെട്ട നിലയില്‍ കിടക്കുന്ന പാത്രങ്ങളെപ്പോലുള്ള നമ്മുടെ വ്യക്തിത്വത്തിന്‌ ആനുകാലികതയും, ശുദ്ധിയും കൈവരുത്താന്‍ നമ്മുടെ വ്യക്തിത്വമാകുന്ന പാത്രത്തിന്റെ വശങ്ങളില്‍ ജനലും, വാതിലും, വെന്റിലേറ്ററും ഘടിപ്പിക്കാം. ജീര്‍ണ്ണതയെ പുറം തള്ളി, സമുദ്ര ജലം ആഗിരണം ചെയ്യാനായി മനസിന്റെ ജനലും വാതിലും തുറന്നിടാം.

വിലകൂടിയ ആത്‌മീയ കുപ്പിവെള്ളം

പക്ഷേ ഒരു കുഴപ്പമുണ്ട്‌ ഇങ്ങനെ ചെയ്യുന്നവന്‍ സാധാരണക്കാരനായിപ്പോകും. സാധാരണക്കാരനിടയില്‍ അസാധാരണക്കാരനാകാനാഗ്രഹിക്കുന്നവന്‍ താമസം സമുദ്ര ജലത്തിലാണെങ്കിലും ഋഷികേശിലെ ഗംഗയുടെ ഉത്‌ഭവ സ്‌ഥാനത്തു നിന്നും ആധുനിക രീതിയിലുള്ള വിദേശ ഉപകരണങ്ങളെ കൊണ്ട്‌ സംസ്‌ക്കരിച്ചതും മഹായോഗികളായ ബിസിനസ്സ്‌ സ്വാമികള്‍ പാക്കു ചെയ്‌തതുമായാ വിലകൂടിയ ആത്‌മീയ കുപ്പിവെള്ളം തന്നെ ഉപയോഗിക്കേണ്ടതാണ്‌. അപ്പോള്‍ മാത്രമേ അദ്ദേഹത്തിനും കുടുംബത്തിനും ആശ്രിതര്‍ക്കും അതേക്കുറിച്ച്‌ പൊങ്ങച്ചം പറയാന്‍ സ്‌കോപ്പുണ്ടാവുകയുള്ളൂ.

കുപ്പി ആത്‌മീയത ആത്‌മീയതയില്ലാത്ത ഒരു കൂട്ടം ജനത്തിന്‌ അഹങ്കരിക്കാനുള്ള ഒരു കാരണം എന്നതിലുപരി മനുഷ്യത്വത്തിനുംസമൂഹ നന്മക്കും വേണ്ട ഒരു ആവശ്യ വസ്തുവല്ല, എന്ന്‌ മാത്രമല്ല സാമൂഹ്യമായ ഒരു തിന്മകൂടിയാണ്‌.

നമ്മുടെ സമൂഹത്തില്‍ ആത്‌മീയതയ്‌ക്ക്‌ ക്ഷാമമുള്ളതായി എനിക്കിതുവരെ അനുഭവപ്പെട്ടിട്ടില്ല. (സമൂഹത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന റോട്ടെറി,ലയണ്‍,തുടങ്ങിയ വരട്ടുചൊറി ബാധിച്ചവര്‍ക്കും ,ഈ രോഗം സ്റ്റാറ്റസ്‌ സിംബലായി കരുതി അംഗത്വത്തിനു ക്യൂ നില്‍ക്കുന്ന ഡൊക്ട്ടര്‍മാര്‍, ബിസിനസ്സുകാര്‍,തുടങ്ങിയവര്‍ക്ക്‌ ആത്മീയ കുപ്പിവെള്ളമില്ലാതെ ജീവിക്കനാകില്ല.)

ചെത്തു സ്വാമി

നമ്മുടെ നാട്ടിലെ ആനന്ദതുന്തിലരായിരിക്കുന്ന കാഷായ വസ്ത്രങ്ങളിട്ട ബിസിനസ്‌ സ്വാമിമാരെ(പണംവാങ്ങുന്ന സാമിമാരെ മാത്രം ഉദ്ദെശിച്ച്‌) നോക്കൂ. കാഷായ വസ്‌ത്രമല്ലാതെ മറ്റേന്തെങ്കിലും യൂണിഫോമിട്ട സ്വാമിമാരെയും ഒഴിവാക്കേണ്ടതില്ല. ഈ സ്വാമിമാരും സ്വാമിനിമാരുമൊക്കെ അഹങ്കാരത്തെ കീഴടക്കി പരബ്രഹ്‌മത്തിന്റെ വിശാലതയില്‍ സത്യത്തിന്റെ ശിവ സൌന്ദര്യം നുകര്‍ന്നു കൊണ്ടിരിക്കുന്നവരാണെന്ന്‌ നിങ്ങള്‍ വിചാരിക്കുന്നെങ്കില്‍ തെറ്റി. നമ്മുടെ സാധാരണ മനുഷ്യരെക്കാള്‍ നൂറിരട്ടി സ്വാര്‍ത്ഥവും സങ്കുചിതവുമായ മനസ്സിന്‌ ഉടമകളായിരിക്കും നമുക്ക്‌ ചുറ്റുമുള്ള ഭൂരിഭാഗം സ്വാമിമാരും.കൃത്രിമമായ പ്രൊഫഷണല്‍ ശാന്തതയും ഒരു ചെറുപുഞ്ചിരിയും പുറത്തേക്കൊഴുകിക്കൊണ്ടിരിക്കുന്ന സ്വാമിയുടെയും സ്വാമിനിമാരുടെയും മുഖാരവിന്ദം കലുഷമാകാന്‍ തുടങ്ങുക മറ്റേതെങ്കിലും ഗോത്രത്തില്‍പ്പെട്ട ഒരു ചെത്തു സ്വാമിയെ കാണുമ്പോഴാണ്‌. കുറച്ചു നേരത്തെ കുശലാന്വേഷണങ്ങളുടെ പുറംപൂച്ചുകള്‍ക്കു ശേഷം അല്ലെങ്കില്‍ പരസ്‌പ്പരമുള്ള പുകഴ്‌ത്തലുകള്‍ക്കു ശേഷം രണ്ടു പേരും ആത്‌മീയതയിലേക്കുള്ള ചര്‍ച്ചകള്‍ക്കൊനും മുതിരാതെ വേഗം വഴിപിരിയുന്നത്‌ കാണാം.
സത്യത്തില്‍ ആത്‌മീയമായി അത്ര ഉയര്‍ന്നവരെങ്കില്‍ രണ്ട്‌ ആത്‌മീയജ്യോതിസ്സുള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ സ്‌നേഹത്തിന്റെയും മാനുഷികതയുടെയും പരമാനന്ദം കാരണം ഒരു ഉത്‌സവം തന്നെ നടക്കേണ്ടതാണ്‌. പക്ഷേ മനസ്സിന്റെ വാതിലും ജനലും തുറക്കാതെ ഈ ആത്‌മീയ ജ്യോതിസ്സുകള്‍ സജാതീയകാന്തിക ധ്രുവങ്ങളെപ്പോലെ വിഘര്‍ഷിക്കുന്നത്‌ കാണുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്‌. നമ്മുടെ മുന്നില്‍ ആത്‌മീയതയുടെ പ്രകാശം പ്രസരിപ്പിച്ചുകൊണ്ടു നില്‍ക്കുന്ന ഈ സ്വാമിമാര്‍ ആത്‌മീയജ്യോതിസ്സുകള്‍ എന്ന്‌ വിശേഷിപ്പിക്കാന്‍ യോഗ്യരല്ല. മറിച്ച്‌ കേവലം ആത്‌മീയ മിന്നാമിനുങ്ങുകള്‍ മാത്രമാണ്‌. അതെ ഇരുട്ടിനെ അലങ്കരിക്കാനായി ജന്മം കൊണ്ട മിന്നാമിനുങ്ങുകളാണ്‌ നമ്മുടെ ഇത്തരം ആത്‌മീയാചാര്യന്മാര്‍.സൌജന്യ ഭക്ഷണത്തിനും, സുഖസൌകര്യങ്ങള്‍ക്കുമായുള്ള മനുഷ്യ സ്വാര്‍ത്ഥതയുടെയും ഭീരുത്വത്തിന്റെയും അവതാരങ്ങള്‍!! നമ്മുടെ ഇന്ത്യന്‍ സമൂഹത്തിന്‌ ഇന്നാവശ്യം സമൂഹത്തില്‍ തലച്ചോറായി വര്‍ത്തിക്കേണ്ട സ്വതന്ത്ര ചിന്തകരാണ്‌. ഈ പുതിയ ചിന്തകരെ ഉത്‌പാദിപ്പിക്കാത്ത സമൂഹം രണ്ടായിരമോ അഞ്ചായിരമോ വര്‍ഷമായി ചവച്ചു തുപ്പിക്കൊണ്ടിരിക്കുന്ന വേദങ്ങളെയും പുരാണങ്ങളെയും വീണ്ടും വീണ്ടും എടുത്ത്‌ ചവക്കുന്ന വൃഥവ്യായാമത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഇന്ത്യയുടെ ബുദ്ധിമാന്ദ്യത്തിന്റെ കാരണവും മറ്റൊന്നല്ല. (പഴയ സംസ്കാരവും, ചരിത്രവും,സാഹിത്യവും,ദര്‍ശനങ്ങളും,പൈത്രുകവും തള്ളിപ്പറയുകയല്ല. അതില്‍തന്നെ കുഴഞ്ഞുവീണ്‌ വീരഗതിപ്രാപിക്കാനുള്ള ആഹ്വാനങ്ങള്‍ക്ക്‌ വഴിപ്പെടാതെ പൈത്രുകത്തില്‍ നിന്നും ശക്തിനേടി ഭാവിയിലീക്കുള്ള പുതിയ അറിവുകളുടെയും, ചിന്തകളുടെയും മാര്‍ഗങ്ങള്‍ വെട്ടിത്തുരക്കാനുള്ള ഊര്‍ജ്ജ്യവും, ഉണര്‍വും നമുക്കുണ്ടാകട്ടെ.) (നാലുവര്‍ഷം മുമ്പെഴുതിയ പൂര്‍ത്തിയാകാത്ത ഒരു ലേഖനം.)

സമാനമായ മറ്റു ലേഖനങ്ങള്‍ :
1) എന്താണ്‌ ആത്മീയത ?
2) ശ്രീശ്രീ രവിശങ്കറിനു മുഖമ്മ്മൂടിയുണ്ടോ ??

1 comment:

satheesh said...

Chennamangaloor has scribbled on his blog on 'spirituality'. Visit http://hameedchennamangallur.blogspot.com/