Monday, January 8, 2007

എന്താണ്‌ ആത്മീയത ?

ആത്‌മീയത

ആത്‌മീയതയില്ലാത്ത മനുഷ്യന്‍ എങ്ങിനെയിരിക്കും!
ഒന്നുകില്‍ ഒരു ശിശുവിനെപ്പോലെ കരഞ്ഞുകൊണ്ടിരിക്കാം.
അല്ലെങ്കില്‍ ഭയവിഹ്വലനായ ഒരു ഭ്രാന്തനെപ്പോലെ പെരുമാറാം.
യാതൊരു ആത്‌മീയതയില്ലാത്തവനായാണ്‌ ഒരു ശിശു ഭൂമിയിലേക്ക്‌ പിറന്നു വീഴുന്നത്‌. പിന്നീട്‌ പ്രകാശത്തിന്റെ പ്രപഞ്ചത്തില്‍ നിന്നും തന്റെ അമ്മയുടെ മുലയുടെ സ്‌ഥാനം അവനിലേക്ക്‌ അറിവായി കടന്നുവരുന്നു. കറുത്ത മുല ഞെട്ട്‌ അവന്റെ ലോകത്തിന്റെ കേന്ദ്രബിന്ദുവാകുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അമ്മയുടെ കറുത്ത തലയും തുടര്‍ന്ന്‌ അമ്മയുടെ കണ്‍മണികളും പ്രകാശപ്രപഞ്ചത്തിലെ കൂട്ടുകാരായും അവന്‌ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. അമ്മയുടെ തലയ്‌ക്കുചുറ്റും ഉപഗ്രഹങ്ങളെപ്പോലെയും ധൂമകേതുക്കളെപ്പോലെയും ചുറ്റിത്തിരിയുന്ന അചഛന്റെയും ബന്ധുജനങ്ങളുടെയും കറുത്തതലകള്‍ അവന്റെ നിലനില്‍പ്പിന്‌ പ്രതികൂലമല്ലെന്നും അവന്‍ അനുഭവത്തില്‍ നിന്നും മനസ്സിലാക്കുന്നു. ഇങ്ങനെ ഏറ്റവും സ്വാര്‍ത്ഥമായ ശിശുവിന്റെ മനസ്സ്‌ തന്റെ ചുറ്റും വട്ടമിട്ട്‌ സഞ്ചരിക്കുന്ന കറുത്തഗോളങ്ങളായി മനസ്സിലാക്കുന്ന മാതാപിതാക്കളെയും ബന്ധുജനങ്ങളെയും തന്റെ കഴിവ്‌ വികസിക്കുന്നതിനനുസരിച്ച്‌ പഠിക്കുകയും അവരില്‍ നിന്നും ഏകപക്ഷീയമായ സ്‌നേഹസുഖം നേടി പ്രബലനാവുകയും തന്റെ ബാല്യകാലം ആരംഭിക്കുകയും ചെയ്യുന്നു.

വലുതാകുന്തോറും അവന്റെ ലോകം വികസിക്കുകയും കൂടുതല്‍ കൂടുതല്‍ ആളുകളെയും, വീടുകളെയും, സ്‌ഥലങ്ങളെയുംകുറിച്ച്‌ അവന്‍ അറിവ്‌ നേടുകയും സമൂഹത്തിലെ ആചാരാനുഷ്‌ഠാനങ്ങളിലേക്കും, മതം,രാഷ്‌ട്രീയം, ശാസ്‌ത്രം, ചരിത്രം എന്നിവയിലേക്കും അവന്റെ അറിവ്‌ അഥവാ സ്‌ഥാന ബോധം വളരുകയും ചെയ്യുന്നു.

ഓരോ മനുഷ്യന്റെയും ആത്‌മീയത എന്നത്‌ പ്രപഞ്ചത്തില്‍ മനുഷ്യന്‍ തനിക്കുണ്ടെന്ന്‌ കരുതുന്ന സ്‌ഥാനബോധം തന്നെയാണ്‌.

വംശീയമായോ, മതപരമായോ, ജാതീയമായോ, സാമൂഹ്യമായോ താന്‍ ആരോടൊക്കെ ബന്ധപ്പെട്ടുകിടക്കുന്നു എന്നും ബന്ധപ്പെടാതിരിക്കുന്നു എന്നുമുള്ള അറിവ്‌ തന്നെയാണ്‌ ആ സ്‌ഥാനബോധം.
തന്റെ ആത്‌മാവ്‌ അഥവ ജീവന്‍ പ്രപഞ്ചത്തില്‍ എവിടെ സ്‌ഥിതി ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ആത്‌മജ്ഞാനമാണ്‌ അഥവ വിശ്വാസമാണ്‌ ആത്‌മീയത. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ആത്‌മീയത എന്നത്‌ മതവിശ്വാസവുമായി ബന്ധപ്പെട്ട സ്‌ഥാന ബോധം മാത്രമാണ്‌.
മതം മനുഷ്യന്‌ സ്‌ഥാനബോധം നല്‍കുന്ന പല അറിവുകളില്‍ ഒന്നു മാത്രമാണ്‌.
സ്വര്‍ഗ്ഗത്തില്‍ പരമശക്തനായ ഒരു വ്യക്തിത്വമുണ്ടെന്നും അയാള്‍ ഈ പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ജഗത്‌സ്രഷ്‌ടാവും, പാലകനുമാണെന്നും മറ്റുമുള്ള വിശ്വാസം ഉറപ്പിച്ച്‌ ആ വിശ്വാസത്തില്‍ നിന്നും സൃഷ്‌ടിക്കപ്പെടുന്ന ഒരു ലോകത്തിലെ എളിയ ഒരു കണ്ണിയായി സ്വയം വിലയിരുത്തപ്പെട്ട്‌ (ആത്‌മജ്ഞാനം നേടി) ആ കണ്ണി പൊട്ടിക്കാതേയും സ്‌ഥാനഭ്രംശമുണ്ടാക്കാതേയും ജീവിച്ചു തീര്‍ക്കാനുള്ള ഒരു ജോലിയാണ്‌ മതത്തിലൂടെ വിശ്വാസിക്കു ലഭിക്കുന്നത്‌.
മനുഷ്യ സമൂഹത്തിന്‌ അച്ചടക്കവും അനുസരണയും വേണമെന്നാഗ്രഹിക്കുന്ന ഭരണാധികാരിയോ, തത്വജ്ഞാനിയോ ആയിരിക്കാം ഒരു മതത്തിന്റെ അവതരണത്തിന്‌ പിന്നിലുള്ള ശക്തിയായി വര്‍ത്തിക്കുക.
മതം വിശ്വാസിക്ക്‌ നല്‍കുന്ന പ്രപഞ്ച സങ്കല്‍പത്തെ തന്റെ ചുറ്റും കാണപ്പെടുകയും അറിവിലൂറ്റെ വികസിക്കുന്നതുമായ ലോകവുമായി കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്നതാണ്‌ വിശ്വാസിയുടെ ലോകം. ആ ലോകത്തില്‍ അയാളുടെ സ്‌ഥാനബോധത്തെയാണ്‌ വിശ്വാസിയുടെ ആത്‌മീയതയെന്ന്‌ പറയുന്നത്‌. ഒരാള്‍ സത്യമെന്ന്‌ ആത്‌മാര്‍ത്ഥമായും വിശ്വസിക്കുന്ന ശാസ്‌ത്രീയമോ അശാസ്‌`ത്രീയമോ ആയ അറിവിലെ അഥവ കെട്ടുകഥയിലെ അയാളുടെ സ്‌ഥാനബോധവും, വ്യക്തികളും വസ്‌ത്ക്കളും തമ്മിലുള്ള അകലം, ബന്ധം, അവയുടെ പ്രതികൂലമോ അനുകൂലമോ ആയ സ്വഭാവം ഇവയെക്കുറിച്ചെല്ലാമുള്ള ആപേക്ഷികമായ സ്‌ഥാനബോധവും കൂടിചേര്‍ന്നതാണ്‌ ഒരാളുടെ ആത്‌മീയതയുടെ ആകെ തുക.
മതത്തെക്കുറിച്ചുള്ള അറിവായാലും, രാഷ്‌ട്രീയം, ശാസ്‌ത്രം എന്നിവയെക്കുറിച്ചുള്ള അറിവായാലും, അവയെല്ലാം ഒരു വ്യക്തിക്ക്‌ പ്രപഞ്ചത്തില്‍ തന്റെ സ്‌ഥാനമെന്തെന്നുള്ള ഓരോ നിര്‍വചനങ്ങള്‍ നല്‍കുന്നുണ്ട്‌.
മതത്തിന്റെ ലോകസങ്കല്‍പത്തെ ശാസ്‌ത്രലോക സങ്കല്‍പ്പം പലപ്പോഴും കീഴ്‌മേല്‍ മറിച്ചിട്ടുണ്ട്‌.
അതു കൊണ്ടാണല്ലോ മത വിശ്വാസത്തിനെതിരെ ശാസ്‌ത്രത്തിന്റെ പ്രകാശം ചൊരിഞ്ഞ ശാസ്‌ത്രജ്ഞരെ മനുഷ്യ കുലം വിഷം കൊടുത്തുകൊല്ലുകയോ, ചുട്ടുകൊല്ലുകയോ, കണ്ണുകുത്തിപ്പൊട്ടിക്കുകയോ ചെയ്‌തത്‌.
എന്നാല്‍ സമാധാനപരമായ ഒരു സഹവര്‍ത്തിത്വത്തിന്‌ പിന്നീട്‌ മതവും, രാഷ്‌ട്രീയവും, ശാസ്‌ത്രവും മിശ്രണം ചെയ്‌ത്‌ പരസ്‌പരം ചോദ്യം ചെയ്യാതേയും ഒന്നിലും അമിതമായി ആഴത്തിലിറങ്ങാതേയും കൊണ്ടുനടക്കാമെന്ന്‌ മനുഷ്യന്‍ പഠിച്ചിരിക്കുന്നു. ഒരു കോംപ്രമൈസ്‌ ആത്‌മീയതയാണ്‌ ജനങ്ങള്‍ക്കുള്ളത്‌.സത്യത്തില്‍ ഇതേതുടര്‍ന്ന്‌ മനുഷ്യന്‍ പല വിശ്വാസ പ്രമാണങ്ങളുടെയും ന്യൂക്ലിയസ്സില്‍ പ്രവേശിക്കാതെ പുറം തോടില്‍ നിന്നുകൊണ്ട്‌ മറ്റു അറിവുകളുടെ ഭ്രമണപഥങ്ങളില്‍ കൂടി ക്യ്യെത്തിപ്പിടിച്ച്‌ സ്വാര്‍ത്ഥലാഭങ്ങള്‍ നേടുന്നു.

എത്ര വികലമോ, അശാസ്‌ത്രീയമോ ആകട്ടെ ഒരാളുടെ ആത്‌മീയത അയാളെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ്‌. ആ കേന്ദ്രബിന്ദുവെ അടിസ്‌ഥാനമാക്കിയാണ്‌ അയാളുടെ വ്യക്തിത്വവും ജീവിതരീതിയും ജീവിത ലക്ഷ്യവും സാക്ഷാത്‌ക്കരിക്കപ്പെടുന്നത്‌. അതിനാല്‍ എത്ര അബദ്ധമായ ആത്‌മീയതയായാലും ഒരു വ്യക്തിയെ തന്റെ ആത്‌മീയതയില്‍ നിന്നും വലിച്ചു താഴെയിടുന്നത്‌ അക്രമം തന്നെയാണ്‌. ഒരു മനുഷ്യനെ ഭൂമിയുടെ ആകാശത്തിനുമപ്പുറത്തേക്ക്‌ സ്‌പേസില്‍ അലഞ്ഞു തിരിയാനായി വലിച്ചെറിയുന്നതുപോലെയാണ്‌ ഒരാളുടെ ആത്‌മീയതയെ നിരര്‍ത്ഥകമെന്ന്‌ സ്‌ഥാപിക്കനുള്ള ശ്രമം. നിരീശ്വരവാദികളുടെ മത ഉന്മൂലന ശ്രമങ്ങള്‍ ലക്ഷ്യം കാണതെ വൃഥാ വ്യായാമങ്ങളായിതീരുന്നതും ഇക്കാരണത്താലാണ്‌. അറിവിന്റെ ഈ പ്രപഞ്ചത്തില്‍ തനിക്ക്‌ പൊക്കിള്‍കൊടി ബന്ധമുള്ള ഏതെങ്കിലും പ്രതലം ആത്‌മീയതയായി, വിശ്വാസ്യമായി പകരം നല്‍കാതെ ആരും തങ്ങളുടെ വിശ്വാസത്തെ അഥവ ആത്‌മീയതയെ അത്‌ എത്ര ദുര്‍ബലമാണെങ്കില്‍ കൂടി പകരം വെക്കാന്‍ തയ്യാറാകില്ല.
മാത്രമല്ല, തന്റെ ആത്‌മീയതക്കെതിരെയുള്ള സ്വന്തം യുക്തിബോധത്തിന്റെ ഏതു ശ്രമങ്ങളെയും പ്രോത്സാഹിപ്പിക്കാതെ തലവേേദനയില്‍ നിന്നും രക്ഷനേടാനെ മനുഷ്യന്‍ ശ്രമിക്കൂ.

1 comment:

manu ~ മനു said...

അര്‍ത്തവത്തായ നിരീക്ഷണങ്ങള്‍ ഇതെക്കുറിച്ച് ഒരു കമന്റ് പോലും കാണാനില്ലാത്തത് അദ്ഭുതപ്പെടുത്തുന്നു. ഈ പോസ്റ്റ് റീപോസ്റ്റ് ചെയ്യുന്നതിനേക്കുറിച്ച് ചിന്തിച്ച് കൂടേ ?