Wednesday, January 3, 2007

കഥകളി ഇന്നത്തെ കലാരൂപമല്ല !!

കഥകളിമാത്രമല്ല , മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, തിരുവാതിരക്കളി, മാര്‍ഗ്ഗംകളി, ഒപ്പന എന്നിവയൊന്നും തന്നെ ഇന്നത്തെ കേരളീയന്റെ ആസ്വാദനക്ഷമതയ്‌ക്ക്‌ അകത്തുവരുന്ന കലാരൂപങ്ങളല്ല. ഇന്നത്തെ കേരളീയന്റെ ആസ്വാദനക്ഷമത വളരെ താഴേക്കിടയിലുള്ളതാണ്‌ എന്നല്ല ഇതിനര്‍ത്ഥം.

ഇന്നത്തെ കേരളീയന്‍ പഴം ചോറുണ്ണുന്ന പഴയ കേരളീയനല്ല. ലോകം മുഴുവന്‍ സഞ്ചരിച്ച കേരളീയന്‌ അത്യാവശ്യം ലോക വിവരമുണ്ട്‌. അന്നന്ന്‌ പാകം ചെയ്ത്‌ മൂന്ന്‌നേരം ഭക്ഷിക്കുന്ന കേരളീയന്റെ ചോറിലേക്ക്‌ കല എന്നുപറഞ്ഞ്‌ നമ്മുടെ സാസ്‌ക്കാരിക രംഗം ഒഴിച്ച്‌കൊടുക്കുന്ന വസ്തു കഥകളിയായാലും മോഹിനിയാട്ടമായാലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുളിശ്ശേരിയാണെന്ന സത്യമാണ്‌ ലേഖകന്‍ പറയാനുദ്ദേശിക്കുന്നത്‌. നൂറ്റാണ്ടുകളല്ല, സഹസ്രാബ്‌ദങ്ങള്‍ തന്നെ പഴക്കമുള്ള ഇത്തരം കലാരൂപങ്ങള്‍ നാറിപുളിച്ചതു കൊണ്ടായിരിക്കാം സാധാരണക്കാരാരും ഈ കലാരൂപങ്ങളുടെ മുന്നില്‍ വായപൊളിച്ചിരുന്ന്‌ നേരം കളയാറില്ല.

സത്യം പറയട്ടെ നമ്മുടെ കല, സംസ്‌ക്കാരം എന്നൊക്കെ പറയുന്നതിന്റെ മൂര്‍ത്തീരൂപം കഥകളിയാണെന്ന്‌ ധരിച്ച്‌ ഈ ലേഖകന്‍ തിരുമാന്താം കുന്നിലെ പൂരപ്പറമ്പിലും, തിരുവന്തപുരത്തെ തീര്‍ത്ഥപാദമണ്‌ഡപത്തിലും നിരവധി രാത്രികള്‍ ഉറക്കമൊഴിച്ചിരുന്ന്‌ മഞ്ഞ്‌കൊണ്ടിട്ടുണ്ട്‌. ലേഖകന്റെ ചിത്രകാരമനസ്സിലേക്ക്‌ കുറച്ച്‌ വര്‍ണ്ണങ്ങളുടെ ഗണിതങ്ങള്‍ കയറിവരാനെ അന്നത്തെ മഞ്ഞുകൊള്ളല്‍ ഉപകരിച്ചിട്ടുള്ളൂ. തപസ്സനുഷ്‌ഠിക്കണതുപോലെ അന്ന്‌ കഥകളി വിളക്കിന്‌ മുന്നില്‍ കുത്തിയിരുന്ന്‌ നടു വേദനിച്ചത്‌ കഥകളിയെ കലയല്ലെന്ന്‌ ആക്ഷേപിക്കാനുള്ള പ്രചോദനമല്ലെന്ന്‌ സവിനയം അറിയിക്കട്ടെ.കഥകളിയോ, മോഹിനിയാട്ടമോ ആടരുതെന്ന്‌ പറയാന്‍ ആര്‍ക്കും തന്നെ അവകാശമില്ല. കാണരുതെന്ന്‌ പറയാനും അങ്ങിനെ തന്നെ. പക്ഷേ അവ കലയുടെ സ്‌ഥാനത്തു വന്നു രംഗം മലീമസമാക്കുന്നതിലെ ലേഖകന്‌ വിരോധമുള്ളൂ. നമ്മുടെ രംഗശാലകളും, ദ്യശ്യമാധ്യമങ്ങളും നിറയേണ്ടത്‌ ഇന്നിന്റെ ജീവസുറ്റ ദ്യശ്യങ്ങളാലാണ്‌.

നമ്മള്‍ എന്നുമുതലാണ്‌ ഈ പഴയകലാരൂപങ്ങളെ സമൂഹത്തിന്റെ അട്ടത്തുനിന്നും കണ്ടെടുക്കാന്‍ ആരംഭിച്ചത്‌? ബ്രിട്ടീഷ്‌ ഭരണം അവസാനിക്കന്‍ കാലത്താണ്‌ കേരളത്തിലെ സാസ്‌ക്കാരിക കാരണവന്‍മാര്‍ക്ക്‌ സാസ്‌ക്കാരികരംഗത്തെ ശൂന്യത ബോധ്യമായത്‌. പിന്നെ, അമ്പലങ്ങളുടെ പുറമ്പോക്കില്‍ കുറ്റിയറ്റുപോകാതെ കിടന്ന കുറച്ചു അമ്പലവാസികളെ സംഘടിപ്പിച്ചൊരു കലാവികസനം നടത്തിയുണ്ടാക്കിയതാണ്‌ ഇന്നത്തെ നമ്മുടെ ദൃശ്യകലകള്‍! ഈ പഴം പുളിശ്ശേരി മറ്റു ഭൂരിപക്ഷ സമുദായങ്ങളുടെകൂടി തലയിലൂടെ ഒഴിച്ച്‌ നമ്മള്‍ ജനകീയമാക്കിയെന്ന്‌ പറയാം. പക്ഷെ, അത്‌ നമ്മുടെ കലയാണോ? ഒരിക്കലുമല്ല!നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ഭക്തി പ്രസ്‌ഥാനത്തിലൂടെ ബ്രാഹ്മണ മേല്‍ക്കോയ്‌മയും, ജാതീയതയും, ജന്മിത്വവും അരക്കിട്ടുറപ്പിക്കാനായി അമ്പലങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിപ്പോന്നിരുന്ന ബോധമലിനീകരണ പ്രക്രിയ അഥവാ സംസ്‌കൃതവല്‍ക്കരണത്തിന്റെ രൂപഭേദങ്ങള്‍ തന്നെയാണ്‌ ഇന്ന്‌ നാം കലാരൂപങ്ങളുടെ സ്‌ഥാനത്ത്‌ കൊണ്ടാടുന്നത്‌.

ഇന്നത്തെ ഹിന്ദു സമൂഹത്തിന്റെ മുക്കാല്‍ ഭാഗം വരുന്ന സമൂഹം അമ്പലങ്ങളില്‍ നടന്നിരുന്ന ഈ കലാരൂപങ്ങളെ വളരെ അവജ്ഞയോടെയാണ്‌ നോക്കിൊയിരുന്നത്‌. ക്ഷേത്രങ്ങളില്‍ നൃത്തമാടുന്നവരെ വേശ്യ എന്നര്‍ത്ഥം വരുന്ന കൂത്തച്ചി എന്ന പദം കൊണ്ടാണ്‌ വിശേഷിപ്പിച്ചിരുന്നത്‌.(കൂത്തച്ചി കാലക്രമത്തില്‍ വേശ്യയുടെ പര്യായമായതാണ്‌)ലോകസമക്ഷം നമ്മുടെ സംസ്‌ക്കാരത്തെ അവതരിപ്പിക്കുമ്പോള്‍ നമുക്ക്‌ ഒരു കലയോ, സംസ്‌ക്കാരമോ, ഇല്ലാതെ വരുന്നു എന്നതു തന്നെയാണ്‌ കേരളീയനെ ബാധിച്ചിരിക്കുന്ന തന്തയില്ലായ്‌മ!. പിന്നെ, നാം കൃത്രിമ ശ്വാസം കൊടുത്ത്‌ ആകര്‍ഷകമായ വര്‍ണ്ണങ്ങള്‍ തേച്ച്‌, വീര്‍പ്പിച്ച്‌ ഉയര്‍ത്തിയിരിക്കുന്ന കഥകളിയും മോഹിനിയാട്ടവും മറ്റും നമ്മുടെ സാംസ്‌ക്കാരിക കാരണവന്‍മാര്‍ക്ക്‌ പ്രമാണിമാരാകാനുള്ള ഒരു ചെപ്പടിവിദ്യ മാത്രമാണ്‌.

ഒന്നോ, രണ്ടോ പേര്‍ നൃത്തം ചെയ്യുകയും ബാക്കിയുള്ള ജനം മുഴുവന്‍ കൈയും കെട്ടിയിരുന്ന്‌കാണുകയും ചെയ്യുന്ന പ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ നൃത്തമാണെന്ന്‌ പറയാന്‍ പോലും വിഷമമാണ്‌. നൃത്തം ഒരു സമൂഹ ഉത്സവത്തില്‍ നിന്നുമാണ്‌ ജനിക്കുന്നത്‌. അത്‌ തീ പടരുന്നത്‌ പോലെ ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക്‌ പടര്‍ന്ന്‌ പിടിക്കേണ്ട ഒരു കൂട്ടായ്‌മയാണ്‌. അതുകൊണ്ടുതന്നെ ഏറ്റവും ശക്തമായ ഒരു കലാരൂപവും. എന്നാല്‍ നമ്മുടെ കൂത്തുകളൊന്നും അങ്ങിനെയുള്ളവയല്ല.(ചാക്യാര്‍കൂത്തൊഴിച്ച്‌- അതിലെ സാമൂഹ്യ വിമര്‍ശനത്തിന്റെ മൂര്‍ച്ചയില്‍ ലെഖകനു മതിപ്പുണ്ട്‌. )

കേരളത്തിലെ 95 ശതമാനം ജനം വിശന്ന്‌ പൊരിഞ്ഞ്‌ ഒരു നേരത്തെ ഭക്ഷണത്തിന്‌ വേണ്ടി അന്നന്ന്‌ നെല്ല്‌ കുത്തുമ്പോള്‍ , ജോലിചെയ്യതെ മൂന്ന്‌ നേരം ഭക്ഷിച്ച്‌ പടിഞ്ഞിരിക്കുന്ന വൃകോദരന്മാര്‍ക്ക്‌ ഉദ്ധാരണം ലഭിക്കുന്നതിനായി നടത്തിയിരുന്ന നൃത്തഭാസങ്ങളായിരുന്നു നമ്മുടെ അമ്പലകൂത്തുകളും തിരുവാതിരക്കളിയും മോഹിനിയാട്ടവും. മാറുമറക്കാതെ അല്‍പമാത്രവസ്ത്രങ്ങളുമായി അന്ന്‌ നൃത്തമാടിയിരുന്ന സ്ത്രീത്വത്തെ അശ്ലീല വെണ്‍മണി കവിതകൊണ്ട്‌ നാം പരിപോഷിപ്പിച്ചു. അന്ന്‌ ആ നൃത്തം കണ്ടുകൊണ്ടിരുന്ന മൃഗങ്ങളെ സംസ്‌ക്കാരമുള്ളവരായി ഗണിക്കനാകില്ല എന്ന ഒറ്റക്കാരണത്താല്‍ തന്നെ അവരില്‍ നിന്നും ഒരു കലയോ സംസ്‌ക്കാമോ ജനിക്കില്ലെന്നും ഉറപ്പിക്കാം. അഥവ ജനിച്ചെങ്കില്‍ തന്നെ മോഹിനിയാട്ടം, കഥകളി എന്നിവയെപ്പോലെ പൊള്ളയായതും ഊതിവീര്‍പ്പിച്ചതുമായ കൃത്രിമ സമയം കൊല്ലി കലാരൂപങ്ങളായിരിക്കും അവ. അത്തരം കലാരൂപങ്ങള്‍ക്ക്‌ ഇവിടുത്തെ ജനങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധമോ, ഇവിടുത്തെ മണ്ണിന്റെ സ്‌നേഹമോ, ഇവിടുത്തെ സംസ്‌ക്കാരവുമായി രക്തബന്ധമോ അന്യമായിരിക്കുമെന്ന്‌ തീര്‍ച്ച.

കഥകളി വേഷത്തിനും മോഹിനിയാട്ടത്തിനും പിന്നില്‍ ജീവിതം ഉഴിഞ്ഞുവെച്ച കലാകാരന്‍മാരെ അഥവാ മനുഷ്യരെ തീര്‍ച്ചയായും ആദരവോടെ മാത്രമേ ലേഖകന്‌ കാണാനാകൂ. ഈ ആദരവ്‌ അവരുടെ കലാസൃഷ്‌ടിയുടെ മഹത്വം കൊണ്ടല്ല; മറിച്ച്‌ ആ ജീവിതങ്ങളുടെ ആത്‌മാര്‍ത്ഥതയും അര്‍പ്പണ മനസ്‌ഥിതിയും ഓര്‍ക്കുന്നത്‌ കൊണ്ടുമാത്രമാണ്‌. ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ച്‌ കലയെ ഉപാസിക്കുന്ന ഈ കലാകാരന്‍മാര്‍ പ്രശസ്‌തിക്കും അംഗീകാരത്തിനും വേണ്ടിയുള്ള കേവലം ഒരു ഉപകരണം മാത്രമായിരുന്നു എന്ന സത്യം ഇതുവരെ അവര്‍ അറിഞ്ഞതായി തോന്നുന്നില്ല. എന്നാല്‍ ഇന്ന്‌ ഈ വിഭാഗം കലാകാരന്മാര്‍ പ്രശസ്‌തിക്കും അഗീകാരത്തിനും വേണ്ടി വൃഥാ വ്യായാമം നടത്തുന്ന അവശ കലാകാരന്‍മാരുടെ കൂട്ടമായിരിക്കുന്നു. ഉന്നത സ്‌ഥാനങ്ങളിലെ ബന്ധുബലം കൊണ്ടാണ്‌ ഇവരില്‍ പലരും അഗീകരിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതും.

സമൂഹത്തിലെ സമ്പന്നകുലങ്ങളില്‍ കെട്ടിയാടിക്കപ്പെടുന്ന കലാരൂപങ്ങളായതിനാല്‍ ബഹുഭൂരിപക്ഷം വരുന്ന മറ്റു സമുദായങ്ങളും അവയെ എതിര്‍ക്കതെയും അധികം ചിന്തിച്ച്‌ വിവാദങ്ങള്‍ ഉണ്ടാക്കതേയും ഈ കലാരൂപങ്ങളെ തങ്ങളുടെകൂടി സാംസ്‌ക്കരിക പൈതൃക സ്വത്തായി അംഗീകരിക്കുന്നു എന്നുമാത്രം. സത്യത്തില്‍ ഈ കലാരൂപങ്ങളൊന്നും നമ്മുടെ മണ്ണില്‍ നിന്നും ജനിച്ചവയല്ല. നേരത്തെ സൂചിപ്പിച്ച ഉപരി വര്‍ഗ്ഗത്തിന്റെ വൃത്തിഹീനമായ മനസ്സില്‍ നിന്നും ജനിച്ച ജാരസന്തതികള്‍ തന്നെയാണ്‌ ഈ കലാരൂപങ്ങള്‍. ദൃശ്യകലാരംഗത്ത്‌ ഒരു ശൂന്യത സൃഷ്‌ടിക്കാനല്ല ലേഖകന്‍ ഇത്രയും എഴുതിയത്‌. ആരോടും വിരോധിക്കാനുമല്ല. പക്ഷേ സത്യം പറയാതിരിക്കുന്നത്‌ നമ്മുടെ സാംസ്‌ക്കാരികമായ വളര്‍ച്ചയ്‌ക്ക്‌ വിഘാതമായി നില്‍ക്കുന്നതിനാല്‍ സത്യം പറഞ്ഞേ പറ്റൂ.

ലേഖകന്‍ നേരത്തെ പറഞ്ഞ തിരുമാന്താം കുന്നിലെ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോട്‌ അനുബന്ധിച്ച കഥകളി അരങ്ങുണ്ടല്ലോ, അതിന്‌ കുറച്ച്‌ അകലെയായി ഒരു ആല്‍മരച്ചോട്ടില്‍ ചെറുമക്കളായ(പഴയ ചേരവംശ പ്രജകള്‍) സ്‌ത്രീ പുരുഷന്മാര്‍ വട്ടമിട്ട്‌ പാട്ടുപാടി നൃത്തം വെയ്‌ക്കുന്നുണ്ട്‌. അവരുടെ പാട്ടിന്‌ വിയര്‍പ്പിന്റെ മണവും, കള്ളിന്റെ പുളിയും മണ്ണിന്റെ ശീല്‍ക്കാരവും ഹൃദയത്തിന്റെ താളക്കൊഴുപ്പുമുണ്ട്‌. പക്ഷേ അവര്‍ തങ്ങളുടെ പാട്ടില്‍ സംസ്‌കൃതവാക്കുകളൊന്നും ഉപയോഗിക്കാത്തതിനാല്‍ ബ്രാഹ്‌മണരുടെ ജാര സന്തതികളായ ആസ്‌ഥാന പണ്‌ഡിതര്‍ക്ക്‌ അവ അപരിഷ്‌കൃതമായി തോന്നിയേക്കാം.

'അന്റെ ചേപ്പനും കന്നൂട്ട്വാരന്‍ ഇന്റെ ചേപ്പനും കന്നൂട്ട്വാരന്‍ പിന്നെന്താ, മുണ്ടിച്ച്യേ നമ്മള്‌ തമ്മിലു മുണ്ട്യാല്‌"...

എന്നു പാടിക്കൊണ്ട്‌ നൃത്തത്തില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്കിടയിലെ വര്‍ത്തമാനകാല വിഷമുള്ളുകളെപ്പോലും എടുത്തുകളയുന്ന ഈ കലാരൂപത്തോളം സാമൂഹ്യ പ്രതിബദ്ധത നമ്മുടെ പൊള്ളയായ ഏത്‌ കലാരൂപത്തിനാണ്‌ ഉണ്ടാവുക.പക്ഷേ ചെറുമന്‌ നാം അന്തസ്സ്‌ കൊടുത്തിട്ടില്ലാത്തതിനാല്‍ ചെറുമന്റെ കലയ്‌ക്കും നാം പ്രാധാന്യം കൊടുക്കാന്‍ പോകുന്നില്ല. സമൂഹത്തിലെ വലിയ വലിയ വീടുകളിലിരിക്കുന്ന വലിയ പ്രമാണികള്‍ ഉറക്കമൊഴിച്ചിരുന്ന്‌ കാണുന്ന കഥകളി പോലുള്ള കലാരൂപങ്ങള്‍ക്ക്‌ എന്ത്‌ കോപ്രായമാണെങ്കിലും മഹത്തരമാണെന്ന്‌ പ്രകീര്‍ത്തിക്കാന്‍ നമുക്ക്‌ മാധ്യമങ്ങളും സംവിധാനങ്ങളുമുണ്ട്‌. ഈ അവസ്ഥതന്നെയാണ്‌ കേരളീയന്‌ ഒരു തനത്‌ സംസ്‌ക്കാരം ഉണ്ടാകാതെ പോകുന്നതിന്റെ പ്രധാന കാരണവും.

സമൂഹവുമായി ബന്ധമില്ലാത്ത ഈ കലകളെ നിലനിര്‍ത്തുന്നതിന്‌ കൃത്രിമ ശ്വാസം അനിവാര്യമാണ്‌. ലേഖകന്‍ ഉദ്ദേശിക്കുന്നത്‌ സര്‍കാരിന്റെ സബത്തിക സഹായങ്ങളെയാണ്‌.
സാംസ്‌ക്കരിക ഊര്‍ജ്ജമാണ്‌ കല. അല്ലാതുള്ള എല്ലാ കലാകോപ്രായങ്ങളും കേവലം ക്രാഫ്‌റ്റും സ്വാര്‍ത്ഥ ജഢിലമായ മഹത്വ കാംക്ഷയുമാണ്‌. സമൂഹത്തെ വിഘടിപ്പിക്കുന്ന ഇത്തരം പേക്കൂത്തുകള്‍ എത്ര മഹത്തരമാണെന്ന്‌ പറഞ്ഞ്‌ ആദരിക്കപ്പെടുന്നവയായാലും അവ മ്യൂസിയങ്ങളിലേക്കും, കാസറ്റുകളിലേക്കും, സിഡികളിലേക്കും മാറ്റി, കേരളത്തിന്റെ രംഗവേദി ഇന്നത്തെ കലാരൂപങ്ങള്‍ക്കായി ഒഴിച്ചു കൊടുക്കേണ്ടതാണ്‌.

13 comments:

അചിന്ത്യ said...

പ്രിയ ചിത്രകാരന്‍ ,
പലരും പറഞ്ഞ പോലെ താങ്കള്‍ ഇതിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കണത് എന്താന്ന് എനിക്ക് വ്യക്തായിട്ട് മനസ്സിലായില്ല്യ. എന്നാലൊ എന്തൊക്ക്യോ പറയാനൊട്ട് ശ്രമിക്കുണൂണ്ട്.
എന്റെ കുഞ്ഞു ബുദ്ധിക്ക് മനസ്സിലായത് വെച്ച് ഞാനൊരു കുഞ്ഞ്യേ അഭിപ്രായം പറേട്ടേ (ഇല്ല്യാ. പോസ്റ്റാക്കാന്‍ തക്കോണം വലുതാക്കില്ല്യാ)

താങ്കള്‍ പറഞ്ഞ പോലെ മോഹിനിയാട്ട നര്‍ത്തകികള്‍ പ്ണ്ട് കൂത്തച്ചികള്‍ , തേവിടിശ്ശികള്‍ എന്നൊക്കെത്തന്നെ അറിയപ്പെട്ടിരുന്നത്. ആ കാലത്ത് പക്ഷെ കൂത്ത് എന്ന വാക്കിന്‍ മലയാളത്തിലോ തമിഴിലോ ഇന്ന് പറയണ നെഗറ്റിവ് അര്‍ത്ഥം കല്പ്പിക്കപ്പെട്ടിരുന്നില്ല്യ.കൂത്ത് (നൃത്തം)അവതരിപ്പിഛ്കിരുന്ന അച്ചിമാര്‍ (സ്ത്രീകള്‍) കൂത്തച്ചികളും , തേവരുടെ (ദേവാനന്ദ് പിള്ളട്യല്ല) കാലടി സേവിച്ച് കഴിഞ്ഞിരുന്നവര്‍ തേവിടിശ്ശികളുമായ്ഇരുന്നു ദേവദാസികള്‍ രാജദാസികളാവുന്നതിനു മുന്‍പ.് ഈ വാക്കുകള്‍ ഇന്ന് നമ്മള്‍ കണക്കാക്കുന്നയത്ര മോശം അര്‍ത്ഥത്തിലല്ല ഉപയോഗിഛ്കിരുന്നത്.പിന്നീടാണ്‍ നര്‍ത്തകികള്‍ടെം അവരടെ നൃത്തത്തിന്റേം അവസ്ഥ അധ:പതിച്ചുപോയത്.




പണ്ട് ഒരു ഗോത്രത്തില് സംഭവിക്കണ ഓരോ സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും തങ്ങളുടേതായ സംഘം ചേര്‍ന്നുള്‍ല രീതിയില്‍ നൃത്തത്തിലൂടെയും സംഗീതത്തിലൂടെയും പ്രതികരിച്ചിരുന്ന ഒരു രീതി വിട്ട് പ്രയോക്താവും , ആസ്വാദകനും എന്ന രീതിയിലേയ്ക്ക് കല നീങ്ങിയപ്പോഴാണ്‍ താങ്കള്‍ പറയുന്ന ഈ കാഴ്ച/നോട്ടം gaze എന ഒരു അപചയം സംഭവിച്ച്ത്. ഈ സംഘനൃത്തന്‍ഗ്ങളില്‍ നിന്നും വിഭിന്നമായ ഒന്നല്ല പക്ഷെ ഇവിടെ ഇപ്പോള്‍ ശാസ്ത്രീയം എന്ന പേരില്‍ അവതരിപ്പിക്കുന്ന കലകള്‍ പലതും എന്നറിഞ്ഞാലും.ഈ നൃത്തങ്ങളില്‍ നിന്നെടുത്ത ചില കോഡുകളെ സ്റ്റൈലൈസ് ചെയ്ത് അവതരിപ്പിക്കലാണ്‍ പ്രധാനമായും ഇതിന്റെ തുടക്കം.ഉദാഹരണത്തിന്‍ , കണ്ണ്യാര്‍ കളിയിലും അയ്യപ്പന്‍ തിയ്യാട്ടിലും , തിരുവാതിരക്കളീലും, മോഹിനിയാട്ടത്തിലും ഒരേ ചലനങ്ങള്‍ ണ്ട്.ആദ്യത്തേതില്‍ നിന്നും അവസാനത്തേതിലെത്തുമ്പഴയ്ക്കും കുറേക്കൂടി ശൈലീകരിച്ച് ചെയ്യുണു എന്ന് മാത്രം.ഇതില്‍ ഒന്ന് ഉദാത്തവും മറ്റേത് നികൃഷ്ടവും ആവണത് എപ്പ്ഴാ? എല്ലാത്തിനും അതിന്റേതായ ഒരു ഭംഗി കാണാന്‍ ണ്ടെങ്കിപ്പിന്നെ പ്രശ്നെന്താ?

അചിന്ത്യ said...

ലോനപ്പനോടും ഹര്യോടും ഒരു കാര്യം പറയാന്‍ മറന്നു.
പനിമതീ..മുഖീ ബാലേ..പത്മനാഭാ..ഇന്നെന്നില്‍
കനിവില്ലാതെയായ് കാമന്‍ പാരമെയ്യുന്നു,
മദിരാക്ഷീ ഞാന്‍ എന്തു ചെയ്യാവൂ....”

ഇത് തെറ്റാണുട്ടോ. "പത്മനാഭനിന്നെന്നില്‍" എന്നാണ്‍ ശരി.

'ചന്ദ്ര്മുഖിയായ തോഴിയെ മാത്രമെ ഇവിടെ അഭിസംബോധന ചെയ്യുന്നുള്ളു. പത്മനാഭന്‍ കനിവില്ലായ്മ കാണിക്കുന്നതുമൂലം കാമബാണങ്ങള്‍ ഞാന്‍ സഹിക്കേണ്ടി വരുന്നു. അല്ലയോ മദിരാക്ഷീ ഞന്‍ എന്താണ്‍ ചെ്യേണ്‍റ്റത് എന്നാണ്‍ ചോദ്യം.

എതിരന്‍ കതിരവന്‍ said...

kathakali was not a product of bhakthi prasthaanam.It developed as a challenge to it."aaDhyans" denied it for a long time. None of the aattakkathas are bhakthi pooritham (except few like kuchelavruththam). None of them demonstrate bhakthi on stage.Ambreeshacharitham has bhakthi as the theme but played in a different tone. Kathakali is contemporary to Shakespeare.Thus not ancient. It was not a "temple art' like kootiyaattam or koothth.

(no "keyman" here, so in English)

more later as a post.


more later

എസ്. ജിതേഷ്/S. Jithesh said...

ചിത്രകാരാ,

നിങ്ങളെഴുതിയത് പച്ചപ്പരമാര്‍ത്ഥമാണ്‍..!!
പക്ഷേ ഇത്തരം അപ്രിയസത്യങ്ങള്‍ പലരേയും ശത്രുവാക്കും...
വളരെക്കുറച്ച് മിത്രങ്ങളെയും തരും

chithraguptha said...

അയ്യോ ചേട്ടാ ഇത് അസ്സലായിട്ടുണ്ട്

ത്രിശ്ശൂക്കാരന്‍ said...

അധിനിവേശത്തിന്റെ കലകള്‍ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടേ ഉള്ളൂ.കലയുടെ നിര്‍വചനങ്ങള്‍ തേടിയലയും‌മ്പോള്‍ നമ്മുടെ മുന്‍പില്‍ ജനപ്രിയ കലാരൂപങ്ങളും ജനപ്രിയങ്ങളല്ലാത്ത എന്നാല്‍ സാംസ്കാരികമായ ഉണര്‍വ്വിന് കാരണമായ കലകളും കണ്ടെത്താന്‍ കഴിഞേക്കും.
സംസ്കാരിധിനിവേശം ഉണ്ടായിട്ടുള്ള എല്ലാ സമൂഹങ്ങളിലും ഇത്തരമുള്ള ഉച്ചത്തിലുള്ള ചിന്തകള്‍ കേള്‍ക്കാറുണ്ട്. പക്ഷേ കലയ്ക്ക് ഇന്നത്തെ കല, ഇന്നലത്തെ കല എന്നൊക്കെയുണ്ടോ? ആസ്വാദനത്തിന്റെ ഉച്ചനീചങ്ങള്‍ക്കനുസരിച്ച് കലയുടെ പ്രശസ്തി വര്‍ദ്ധിക്കുകയും കുറയുകയും ചെയ്യാമല്ലോ? ഉദാ:ഓട്ടന്‍‌തുള്ളല്‍. അങ്ങിനെയാണെങ്കില്‍ സിനിമയും സിനിമാറ്റിക് ഡാന്‍സുമായിരിക്കും ചിത്രകാ‍രന്റെ ഇന്നത്തെ കലകള്‍.

മുക്കുവന്‍ said...

എനിക്ക് മോഹിനിയാട്ടോം, ഭരതനാട്യവും കണ്ടാല്‍ തിരിച്ചറിയില്ലാ.. എന്നാലും ചില നല്ലവ കണ്ടിരിക്കാന്‍ ഇഷ്ടവുമാ‍ണ്.

മോഹിനിയാട്ടം, പേരുപോലെ തന്നെ വശീകരിക്കാനുള്ള കളിയാണെന്നാണു ഞാന്‍ എവിടെയോ വായിച്ചത്. എന്നാലും ഈ കളി കൊള്ളാം മാഷെ!

suraj::സൂരജ് said...

സാമൂഹ്യശാസ്ത്രപരമായി നോക്കിയാല്‍ മനുഷ്യകുലത്തില്‍ ഇന്നോളം ഉണ്ടായിട്ടുള്ള സകല കലകളും “ വയറ് നിറഞ്ഞവന് “ ആസ്വദിക്കാന്‍ ഉള്ളവ തന്നെ : കൂത്തും, മേള‍വും, ചിത്രകലയടക്കം എല്ലാം.


ഒരു പക്ഷേ പാട്ട് മാത്രമായിരിക്കും ഈ സമാന്യവല്‍ക്കരണത്തിന് ഒരു അപവാദം.

Neena Sabarish said...

ശക്തമായി വിയോജിക്കുന്നൂ ചിത്രകാരന്‍....കഥകളിയേയും മോഹിനിയാട്ടത്തേയും കുറിച്ചൊന്നും മനസ്സിലാക്കാതെ എഴുതിയതാണിതെല്ലാം...തുണിയഴിച്ചിട്ടാടുന്ന ഇന്നത്തെ സിനിമാറ്റിക് മസാലകള്‍ കാണുന്നവനെ കൂടെ ആഭാസകരമായിതുള്ളിക്കുന്നുവെന്ന കണക്കുവെച്ച് അതിനെ അംഗീകരിക്കാനാകുമോ...???? ഉപരിവര്‍ഗ്ഗത്തോടുളള പ്രതിഷേധം തീര്‍ക്കുന്നത് ക്ളാസിക് കലകളെ ഉപാസിക്കുന്ന താങ്കള്‍ക്കറിയാത്ത വലിയൊരുവിഭാഗം കലോപാസകരുടെ ഹൃദയത്തില്‍ കുത്തിക്കൊണ്ടാകരുത്.വല്ലാതെ നിലവാരംകുറഞ്ഞൊരു പോസ്റ്റായിപ്പോയെന്നു ഖേദപൂര്‍വ്വം പറയട്ടെ....

poor-me/പാവം-ഞാന്‍ said...

എന്റേ ചിത്രേട്ടാ!!!

PrAThI said...

കഥയറിയാതെ ആട്ടം കാണുകയും നാടന്‍ പാട്ടുകളുടെ സത്തയറിയാതെ അവയെ പുകഴ്ത്ത്തുകയും ചെയ്യുന്ന ഭൂരിഭാഗം കേരളീയരില്‍ നിന്നും വ്യത്യസ്ഥനായി സത്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നു.
ഇതില്‍ ആട്ടക്കാരനും പാട്ടുകാരനും അന്നം ലഭിക്കുന്നുണ്ടോ എന്ന് അറിയില്ല.
ഏറ്റവും കൂടുതല്‍ പടങ്ങള്‍ പാടിയ ഒരു പാടുകാരനെ അമ്പല മതില്‍ക്കെട്ടിനകത്ത് കേറ്റിയില്ല എന്നും കേട്ടിട്ടുണ്ട്.
തഴമ്പ് തടവാന്‍ മലയാളികളും ..
----
ഇഷ്ടായി .

രമേശ്‌ അരൂര്‍ said...

കഥകളിയും ഭാരത നാട്യവും ഒന്നും കലകള്‍ അല്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പോലെ ഏതൊക്കെയാണ് യഥാര്‍ത്ഥ കലകള്‍ എന്ന് കൂടി ചിത്രകാരന്‍ വ്യക്തമാകനമായിരുന്നു ..ഒന്നും പറഞ്ഞിയ്യില്ല എന്നല്ല ..കാഞ്ഞിരത്തിന്റെ ചുവട്ടിലെ ഒരു പാട്ടിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് ,,അത് മാത്രമേ ഉള്ളോ നമ്മുടെ തനതു കല .സവര്‍ണ വിഭാഗങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന കഥകളി, ചാക്യാര്‍ കൂത്ത്,പാഠകം ,ഹരികഥ എന്നിവയോ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഭാരത നാട്യമോ കുച്ചിപുടിയോ പോലെ കേരളത്തിലെ ഭൂരി പക്ഷം വരുന്ന സാമൂഹിക ദുരബല വിഭാഗങ്ങളുടെ ഇടയില്‍ നിന്ന് ഉയര്‍ന്നു വന്ന കലകളാണ് തുള്ളലിന്റെ എല്ലാവിഭാഗങ്ങളും (ഓട്ടന്‍ ,പറയന്‍ ,ശീതങ്കന്‍ )
കഥാപ്രസംഗം ,വില്‍പ്പാട്ട്‌ ,കാക്കാരിശ്ശി നാടകം ,നാടന്‍ പാട്ട് , എന്നിവ ..കേരത്തിന്റെ തെന്നു നാം അവകാശപ്പെടാറുള്ള ഇത്തരം ഒട്ടു മിക്ക കലാരൂപങ്ങളിലും തമിഴ് നാടോടി സംസ്കാരത്തിന്റെ ശക്തമായ സ്വാധീനം കാണാം ..കേരളീയര്‍ക്ക് മാത്രമായി ഉണ്ടായിരുന്ന മോഹിനിയാട്ടം ,പിന്നീട് കേരള നടനം എന്ന പേരില്‍ ഗുരു ഗോപിനാഥ് ചിട്ടപ്പെടുത്തിയ നൃത്തം എന്നിവ പോലും വരേണ്യ സംസ്കാരത്തിന്റെ പ്രതീകങ്ങള്‍ ആണ് . കേരളത്തില്‍ പിന്നാക്ക ക്കാരുടെതായി മാത്രം നിലനിന്നിരുന്ന പലതും പാട്ട് രൂപങ്ങള്‍ മാത്രമായിരുന്നു .പക്ഷെ ക്ഷേത്ര പ്രവേശന സ്വാതന്ത്ര്യം കിട്ടിയതോടെ ഈ പിന്നാക്കക്കാര്‍ തന്നെ തങ്ങളുടെ സ്വത്വം വിളിച്ചു പറയുന്ന കലകള്‍ വിട്ടു ക്ഷേത്ര കലകള്‍ക്ക് പിന്നാലെ പോയത് ചരിത്ര മാണ്.
കേരളത്തില്‍ കൊണ്ടാടപ്പെടുന്ന കലാരൂപങ്ങള്‍ക്ക്‌ ശാസ്ത്രീയ മായ ഒരടിത്തറയും അത് പഠിക്കാനും പിന്തുടരാനും അടിസ്ഥാന ഗ്രന്ഥങ്ങള്‍ പിന്‍ബലം നല്‍കുന്നു .എന്നാല്‍ കീഴാള കലകള്‍ ക്ക് ഇങ്ങനെ ഒരു സൗകര്യം ലഭ്യമല്ലാത്തത് അത്തരം കലകളുടെ നിലനില്‍പ്പിനു ഭീഷണിയായി ..
ചുരുക്കത്തില്‍ ചിത്രകാരന്‍ എതിര്‍ത്താലും ഇല്ലെങ്കിലും ആളുകള്‍ക്ക് ആവശ്യമുള്ള കലകള്‍ നിലനിന്നു ..ആവശ്യം ഇല്ലാത്തത് മണ്മറഞ്ഞു ..സവര്‍ണ കലകള്‍ക്കും ഇപ്പോള്‍ ഇത് തന്നെയല്ലേ അവസ്ഥ ? വേണം എന്നുള്ളവര്‍ മാത്രം പ്രത്യേകമായി വിശിഷ്ട വസ്തു പോലെ ഗുളിക പരുവത്തില്‍ ഉരുട്ടിയെടുത്ത്‌ ആവശ്യം ഉള്ളയിടത്ത് മാത്രം പ്രയോഗിക്കുകയാണ് കഥകളിയും ഭാരത നാട്യവും ഒക്കെ ,,വിചാരിച്ചാല്‍ പിന്നാക്കക്കാരുടെ കലകളെയും ഇങ്ങനെ പ്രയോഗിക്കാം ..പക്ഷെ ആവശ്യം വേണം ..സിനിമാറ്റിക് ഡാന്‍സോ മിമിക്രിയോ ,ഗാനമേളയോ മതി എന്ന് വാശിപിടിക്കുന്നവരെ കാലഘട്ടത്തിന്റെ കലയല്ലെന്ന് പറഞ്ഞു കഥകളിയെ തള്ളിക്കളയുന്ന ചിത്രകാരനെ പോലെ നമുക്ക് സ്വന്തം പാട്ടിനു വിടാം ..ഞാനും മുദ്രകള്‍ ഒന്നും വശമല്ലെങ്കിലും ഈ കഥകളി കാണാനും രാഗങ്ങള്‍ ഒന്നും അറിഞ്ഞുകൂടെങ്കിലും ഒത്തിരി സംഗീത കച്ചേരികള്‍ കേള്‍ക്കാനും പണ്ടുകാലത്ത് കിലോമീറ്ററുകള്‍ നടന്നും സൈക്കിള്‍ ചവിട്ടി പോയും ഒത്തിരി മഞ്ഞു കൊള്ളുകയും പുലരും വരെ ഉറക്കം കളയുകയും ചെയ്തിട്ടുണ്ട് ..ഒന്നും വെറുതെയായി എന്ന് ഇതുവരെ തോന്നിയിട്ടില്ല ..ഇന്ന് ക്രിക്കറ്റ് കളി കുട്ടികളും വലിയവരും ഒരു പോലെ ആസ്വദിക്കുമ്പോള്‍ പണ്ട് ഒന്നും അറിയാന്‍ പാടില്ലാഞ്ഞിട്ടും കഥകളി കണ്ട അവസ്ഥയാണ് എനിക്ക് ..പക്ഷെ കാലഘട്ടത്തിന്റെ കളി ആയതു കൊണ്ട് ഞാന്‍ അതിനെ തള്ളി പറയുന്നില്ല ..അന്ന് കഥകളി ഇന്ന് ക്രിക്കറ്റ് അത്രേയുള്ളൂ ...നമ്മുടെ എത്രയോ നാടന്‍ കളികളാണ് നശിച്ചു പോയത് അതില്‍ ചിത്രകാരന് ഒരു സങ്കടവും ഇല്ലേ ???

soulspeak said...

All classical art forms are given undue importance.Kathakali was developed during the time, when you dont have electric lights, Public address system etc. So my feeling is that the costumes of the characters were made colourful(Pacha kathi thadi etc), to be visible for the audience at a distance. But an interesting aspect is that female characters uses the dress of Muslims ?.