Monday, April 30, 2007

ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്‍മ്മ ഭാവന

കപ്യാര്‍ ചാണ്ടിച്ചേട്ടന്‍ നിലവിളിക്കാന്‍ ശ്രമിച്ചു.
ശബ്ദമുണ്ടായില്ല.
കിതപ്പു മാത്രം.
പിന്നെ, വിയര്‍ത്തു കുളിച്ച്‌ ഇടറുന്ന കാലുകളുമായി.. അരമനയിലേക്കോടി.
അച്ഛന്റെ കൂര്‍ക്കം വലി അതിന്റെ ഉച്ചാവസ്ഥയിലാണ്‌.

അച്ഛന്റെ ഉറക്കത്തിന്‌ ഭംഗം വരുത്തിയാലുണ്ടായേക്കാവുന്ന ഭവിഷ്യത്തുക്കളോര്‍ത്തപ്പോള്‍ ധൈര്യം വന്നില്ല.
ഒരു പക്ഷെ... തനിക്കു തോന്നിയതായിരിക്കും.- ചാണ്ടിച്ചേട്ടന്‍ തന്റെ ബോധത്തെ അവിശ്വസിക്കാന്‍ ശ്രമിച്ചു.അയാള്‍ ജീവിതത്തിലാദ്യമായി ആത്മാര്‍ത്ഥതയോടെ കര്‍ത്താവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു.

"കര്‍ത്താവെ, ഈ പാവം ചാണ്ടിയെ ഇങ്ങനെ പരീക്ഷിക്കരുതേ"

അരമന വാതിലില്‍ മുട്ടാനോങ്ങിയ കൈ പിന്‍വലിച്ച്‌ ,പള്ളിയിലേക്ക്‌ തിരിച്ചു നടന്നു.

വീണ്ടും കുരിശിനു മുന്നിലെത്തിയപ്പോള്‍ ചാണ്ടിച്ചേട്ടന്‍ നിന്നു വിറച്ചു.
കുരിശിലേക്ക്‌ നോക്കാന്‍ ധൈര്യം വരുന്നില്ല. കനത്ത ഭാരം കൊണ്ട്‌ തല മാറില്‍ അമര്‍ന്ന് വേദനയുണ്ടാക്കുന്നു. കണ്‍ പോളകള്‍ ആരോ വലിച്ചടക്കുന്നു.
ഒരു നിമിഷം.... ഹൃദയത്തിന്റെ മൂലയിലെവിടെയോ ഊറിക്കൂടിയ ശക്തി സംഭരിച്ച്‌ അയാള്‍ കുരിശ്ശിലേക്കു നോക്കി.

"എന്റെ കര്‍ത്താവേ"

ചാണ്ടിച്ചേട്ടന്‍ ഞെട്ടി... വീണ്ടും ഞെട്ടി.
കാരണം ചാണ്ടിച്ചേട്ടനു തെറ്റു പറ്റിയിട്ടില്ല -

സത്യമായും ദൈവപുത്രന്റെ അഭാവത്താല്‍ കുരിശ്ശ്‌ ശൂന്യമായിയിരിക്കുന്നു.
ശൂന്യമായ കുരിശ്‌ ചാണ്ടിച്ചേട്ടനെ ഭയപ്പെടുത്തി.ശൂന്യമായ കുരിശ്‌ കൈകള്‍ നീട്ടി ശുദ്ധനായ ചാണ്ടി ചേട്ടനു സ്വാഗതമോതി. ശൂന്യമായ കുരിശില്‍ ചാണ്ടിച്ചേട്ടനെ ചേര്‍ത്തമര്‍ത്തി കത്തനാരും, കമ്മിറ്റിക്കാരും ആണിയടിക്കുന്ന രംഗം ഒരു ദുസ്വപ്നത്തിലെന്നപോലെ ചാണ്ടിച്ചേട്ടന്റെ മനോമുകുരത്തില്‍ തെളിഞ്ഞു. തന്റെ പ്രിയതമ അന്നാമ്മ അതു കണ്ടു നില്‍ക്കുന്ന രംഗം കൂടിയായപ്പോള്‍ ചാണ്ടിച്ചേട്ടന്‌ ഒന്നിടവിട്ട്‌ ഞെട്ടാതിരിക്കാന്‍ തരമില്ലാതായി.

ഞെട്ടിക്കൊണ്ടു നിന്ന ചാണ്ടിച്ചേട്ടനു ദൈവാനുഗ്രഹത്താല്‍ വെളിപാടുണ്ടായി. വെളിപാടിന്റെ ധൈര്യത്തില്‍ അയാള്‍ കുരിശിനടുത്തേക്കു ചെന്നു.

ദൈവപുത്രന്റെ കാലില്‍ തറച്ചിരുന്ന ആണി താഴെ ചുവന്ന ഇനാമല്‍ പെയിന്റില്‍ കുളിച്ചു കിടക്കുന്നു.പതിവായി ആഴ്ച്ചപ്പതിപ്പുകളിലെ അപസര്‍പ്പക നോവല്‍ വായിക്കാറുള്ള ചാണ്ടിച്ചേട്ടന്‍ കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കി, അവസരത്തിനൊത്തുയര്‍ന്നു.
ചാണ്ടിച്ചേട്ടന്‍ നിലത്തോടു ചേര്‍ന്നു കിടന്നു. ദൈവ പുത്രന്റെ പാദരേണുക്കള്‍ പരിശോധിച്ച്‌ ദൈവപുത്രന്‍ പുറത്തുപോയ വഴി ഗണിച്ചുണ്ടാക്കി. ആ വഴിയിലൂടെ ചാണ്ടിച്ചേട്ടന്‍ ഇഴഞ്ഞു. വരാന്തയും,ചെമ്മണ്ണു പുരണ്ട നിരത്തും നീന്തി ദേശീയ പാത സന്ധിക്കുന്ന വിശാല വീഥിയിലെത്തി. മെര്‍ക്കുറി വിളക്കുകളുടെ പ്രഭയില്‍ കണ്ണുകള്‍ ദൈവപുത്രന്റെ നിഴലിനുവേണ്ടി അലഞ്ഞു.
അവസാനം.... ട്രാഫിക്‌ കുടക്കു കീഴിലിരുന്ന് തിരുമുറിവുകളില്‍ തുപ്പല്‍ പുരട്ടിക്കൊണ്ട്‌ ഖിന്നനായിരിക്കുന്ന ദൈവപുത്രനെ ചാണ്ടിച്ചേട്ടന്‍ കണ്ടുപിടിച്ചു.

ചാണ്ടിച്ചേട്ടനുവന്ന അരിശത്തിനു കണക്കില്ല.കാല്‍മുട്ടും, ഉള്ളം കയ്യും പൊട്ടി നീറ്റലടിക്കുന്നു.

"ഈ ചെക്കന്റെ ഓരോ തോന്നിവാസങ്ങള്‍ ... മനുഷ്യനെ മെനക്കെടുത്താന്‍..."


ദൈവപുത്രന്റെ കൈക്ക്‌ പിടിച്ചുവലിച്ചുകൊണ്ട്‌ ചാണ്ടിച്ചേട്ടന്‍ പള്ളിയിലേക്ക്‌ നടന്നു. തേങ്ങിക്കൊണ്ട്‌ ദൈവപുത്രനും. കളവു കാണിച്ചു നടക്കുന്ന സ്കൂള്‍ കുട്ടിയോട്‌ രക്ഷിതാവ്‌ ആജ്ഞാപിക്കുന്നതുപോലെ ചാണ്ടിച്ചേട്ടന്‍ ഉത്തരവിട്ടു:
" ഉം... കുരിശീകേറ്‌"

ദൈവപുത്രന്‍ കരഞ്ഞു.. തിരുമുറിവുകളിലേക്കും ചാണ്ടിച്ചേട്ടന്റെ മുഖത്തേക്കും മാറി മാറി നോക്കി. കൈത്തണ്ടകൊണ്ട്‌ ചീരാപ്പു തുടച്ചു.ചാണ്ടിച്ചേട്ടന്‍ കണ്ണുരുട്ടി. ഗത്യന്തരമില്ലാതായപ്പൊള്‍ ദൈവപുത്രന്‍ കുരിശില്‍ കയറി നിന്നു. ആണികളെല്ലാം യഥാസ്ഥാനത്ത്‌ ഉറപ്പിച്ചശേഷം ചാണ്ടിച്ചേട്ടന്‍ നെടുതായി നിശ്വസിച്ചു.പിന്നെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു:

"കര്‍ത്താവേ, ഇങ്ങനൊരു പരീക്ഷണം ചാണ്ടീടെ ജീവിതത്തിലാദ്യ.... ഈ കുഞ്ഞാടിന്റെ കഞ്ഞിമുട്ടിക്കല്ലെ"

ചാണ്ടിച്ചേട്ടന്‍ പ്രഭാത കുര്‍ബാനക്കുള്ള മണി മുഴക്കി.

ദൈവപുത്രന്റെ മുറിവുകളില്‍നിന്നും പതിവുപോലെ രക്തമൊലിച്ചു.
കണ്ണില്‍ നിന്നും ചുടുനീരുറവ ഒഴുകി.

13 comments:

വിഷ്ണു പ്രസാദ് said...

കുരിശീക്കേറ് എന്ന ആ പറച്ചിലും കര്‍ത്താവിന്റെ ആ കള്ളത്തരവും നന്നായി രസിച്ചു.

പൊതുവാള് said...

നല്ല ചിന്ത
:)

kaithamullu : കൈതമുള്ള് said...

നന്നായി, ചിത്രകാരാ!
ഭാവനകള്‍ ഉണരട്ടേ!

അജയ്‌ ശ്രീശാന്ത്‌.. said...

"മെര്‍ക്കുറി വിളക്കുകളുടെ പ്രഭയില്‍ കണ്ണുകള്‍ ദൈവപുത്രന്റെ നിഴലിനുവേണ്ടി അലഞ്ഞു.
അവസാനം.... ട്രാഫിക്‌ കുടക്കു കീഴിലിരുന്ന് തിരുമുറിവുകളില്‍ തുപ്പല്‍ പുരട്ടിക്കൊണ്ട്‌ ഖിന്നനായിരിക്കുന്ന ദൈവപുത്രനെ ചാണ്ടിച്ചേട്ടന്‍ കണ്ടുപിടിച്ചു".

പതിനാറുവര്‍ഷം മുമ്പുള്ള നര്‍മ്മഭാവനയ്ക്ക്‌ വാക്കുകളില്‍ കൂടിയും വരകളില്‍കൂടിയും നിറംപകര്‍ന്നത്‌ ശ്രദ്ധിച്ചു.
ഏതായാലൂം കുരിശില്‍ നിന്നിറങ്ങി തല്‍ക്കാലത്തേക്കൊന്ന്‌ വിശ്രമിച്ച ദൈവപുത്രനെ അത്ര വേഗം വലിച്ചുകൊണ്ടുവരേണ്ടായിരുന്നു. കാരണം ഇത്രയും കാലം കുരിശില്‍തന്നെയായിരുന്നല്ലോ.
അത്‌ കപ്യാരുടെ സ്വപ്നമായാലും അല്ലെങ്കിലും..........

ഇന്നത്തെ കാലത്ത്‌ കുരിശുകളുടെ നടുവിലാണ്‌ ജീവിതമെന്നതിനാല്‍ ചിത്രകാരന്റെ ഭാവനയ്ക്ക്‌ പതിനാറുവര്‍ഷത്തെ പഴക്കം കല്‍പിക്കേണ്ട കാര്യമുണ്ടെന്ന്‌ തോന്നുന്നില്ല.
ദിനംപ്രതി കണ്ടും കേട്ടും മടുത്ത കാല്‍പനികയുടെയും, പ്രണയത്തിന്റെയും, ദുരിതത്തിന്റെയും അതിസാരത്തില്‍ നിന്ന്‌ തെല്ലൊന്ന്‌ രക്ഷപ്പെട്ടതുപോലെയാണ്‌ ഈ കഥ വായിച്ചപ്പോള്‍ തോന്നിയത്‌ നന്ദി.........

ചിത്രകാരന്‍chithrakaran said...

പ്രിയ സുനീഷ്‌ , വന്നതില്‍ സന്തോഷം... നന്ദി.
തറവാടി , അഭിപ്രായത്തിനു നന്ദി. :)
ഇരിങ്ങലേ,
കര്‍ത്താവിനെ ഇനിയും ഞങ്ങള്‍ കഷ്ടപ്പെടുത്തും. സ്വന്തം ജോലി ചെയ്തില്ലെങ്കില്‍ ചെയ്യിക്കാന്‍ പള്ളിക്കറിയാം.
കാളിയന്‍...,
സന്തോഷം...!!
ചക്കര, നന്ദി.:)
വിഷ്ണുപ്രസാദ്‌,
കുരിശില്‍നിന്നും ഇറങ്ങിപ്പോകാതിരിക്കാന്‍ ഇനി കര്‍ത്താവിനെ ഒന്നുരണ്ട്‌ ആണികൂടി അടിച്ച്‌ ഉറപ്പിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാവുന്നതാണ്‌.

കൈതമുള്ളെ..,
നന്ദി.

അമൃത...,
രസിച്ചെന്നറിഞ്ഞതില്‍ സന്തോഷം. നന്ദി.
പൊതുവാള്‍..,നന്ദി :)

ഇടിവാള്‍ said...

കൊള്ളാം , നന്നായിരിക്കുന്നു ചിത്രകാരന്‍!
സാന്‍ഡോസ് , സുനീഷ് എന്നിവരുടെ കമന്റുകളും രസിച്ചു

ചിത്രകാരന്‍chithrakaran said...

പ്രിയ ഇടിവാള്‍ ,
വളരെ സന്തോഷം നന്ദി !

ദില്‍ബാസുരന്‍ said...

ഇത് കലക്കി ചിത്രകാരാ.
കര്‍ത്താവിന് വത്തിക്കാന്‍ മാസാമാസം ശമ്പളം കൊടുക്കുന്നുണ്ട് കുരിശില്‍ കിടക്കാന്‍ എന്നും കേള്‍ക്കുന്നു.13.5% ബോണസ് വേണമെന്ന് പറഞ്ഞ് അങ്ങേര് ബഹളമുണ്ടാക്കാഞ്ഞാല്‍ മതിയാരുന്നു എന്റെ കര്‍ത്താവേ..

qw_er_ty

ചിത്രകാരന്‍chithrakaran said...

ദില്‍ബാസുരാ നന്ദി.
കര്‍ത്തവിന്‌ കുരിശില്‍കിടക്കുന്നതിന്‌ 13.5% ബോണസ്‌ വേണമെന്ന ആവശ്യം ഒരിക്കലും അംങ്ങീകരിച്ചുകൊടുക്കാനാകില്ല.
കുരിശില്‍ കിടന്ന് പെണ്‍പിള്ളാരുടെ നിരന്തരമായ ഹിറ്റിനു വിധേയമാകുന്ന കര്‍ത്താവ്‌ സഭക്ക്‌ ലെവി കൊടുക്കണമെന്നാണ്‌ ബിസിനസ്സ്‌ ന്യായം.

അനൂപ് തിരുവല്ല said...

:)

lakshmy said...

‘ദൈവപുത്രന്റെ കൈക്ക്‌ പിടിച്ചുവലിച്ചുകൊണ്ട്‌ ചാണ്ടിച്ചേട്ടന്‍ പള്ളിയിലേക്ക്‌ നടന്നു. തേങ്ങിക്കൊണ്ട്‌ ദൈവപുത്രനും. കളവു കാണിച്ചു നടക്കുന്ന സ്കൂള്‍ കുട്ടിയോട്‌ രക്ഷിതാവ്‌ ആജ്ഞാപിക്കുന്നതുപോലെ ചാണ്ടിച്ചേട്ടന്‍ ഉത്തരവിട്ടു:

" ഉം... കുരിശീകേറ്‌"


ദൈവപുത്രന്‍ കരഞ്ഞു.. തിരുമുറിവുകളിലേക്കും ചാണ്ടിച്ചേട്ടന്റെ മുഖത്തേക്കും മാറി മാറി നോക്കി. കൈത്തണ്ടകൊണ്ട്‌ ചീരാപ്പു തുടച്ചു.ചാണ്ടിച്ചേട്ടന്‍ കണ്ണുരുട്ടി. ഗത്യന്തരമില്ലാതായപ്പൊള്‍ ദൈവപുത്രന്‍ കുരിശില്‍ കയറി നിന്നു. ആണികളെല്ലാം യഥാസ്ഥാനത്ത്‌ ഉറപ്പിച്ചശേഷം ചാണ്ടിച്ചേട്ടന്‍ നെടുതായി നിശ്വസിച്ചു.പിന്നെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു:


"കര്‍ത്താവേ, ഇങ്ങനൊരു പരീക്ഷണം ചാണ്ടീടെ ജീവിതത്തിലാദ്യ.... ഈ കുഞ്ഞാടിന്റെ കഞ്ഞിമുട്ടിക്കല്ലെ"

ചിരിച്ചൊരു വഴിക്കായി. നർമ്മത്തിന്റെ ഭാഷയിൽ പറഞ്ഞ ഈ പോസ്റ്റ് കാണാൻ വല്ലാതെ വൈകിപ്പോയി

lekshmi said...

കൊള്ളാം , നന്നായിരിക്കുന്നു .

വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് said...

ചിത്രകാരന്‍ .. കൊള്ളാം :D